ഷിഗെല്ല: ഫറോക്കിൽ കനത്ത ജാഗ്രത; ഹോട്ടലുകൾക്ക് കർശന നിർദേശം
text_fieldsഫറോക്ക്(കോഴിക്കോട്) : നഗരസഭ പ്രദേശത്ത് ഷിെഗല്ല രോഗം സ്ഥിരീകരിച്ചതോടെ ജനങ്ങളും ഭക്ഷണ പദാർഥങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ഷിഗെല്ല രോഗിയുടെ മലത്തിൽ രോഗാണു കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഭക്ഷണ പദാർഥങ്ങളോ കുടിവെള്ളമോ മലിനമാകാതെ പ്രത്യേക ശ്രദ്ധ വേണം.
ഹോട്ടലുകളിലും മറ്റും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഷിഗെല്ല ലക്ഷണങ്ങളായ രക്തത്തോടുകൂടിയ വയറിളക്കം, പനി, വയറുവേദന, ഇടക്കിടക്ക് മലവിസർജനത്തിനുള്ള തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവരെ പാചകവൃത്തിയിൽനിന്ന് ഒഴിവാക്കണം. അവർക്ക് പ്രത്യേക പരിരക്ഷ നൽകാനും നിർദേശം നൽകി.
ഹോട്ടലുകളിൽ നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂവെന്നും പദാർഥങ്ങൾ നന്നായി മൂടിവെക്കണമെന്നും നിർേദശം നൽകി . മലവിസർജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് നന്നായി കൈകൾ വ്യത്തിയാക്കണം. പരിസര പ്രദേശങ്ങളിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തിയശേഷമേ ഉപയോഗിക്കാവു.
കുടിവെള്ളം ലാബ് ടെസ്റ്റ് നടത്തണം. മലിനമായ കൈകൾ വായിലോ ഭക്ഷണത്തിലോ സ്പർശിക്കരുത്. മലിനമായ കളിപ്പാട്ടങ്ങൾ, കുളിമുറിയിലെ ഉപകരണങ്ങൾ, ഡ്രസ്സിങ് ടേബിൾ, ഡയപ്പറുകൾ എന്നിവയിലും രോഗാണു സാന്നിധ്യം ഉണ്ടാകാം. കുട്ടികളായ രോഗികൾ ഉപയോഗിച്ച ഡയപ്പറുകൾ വലിച്ചെറിയാതെ കത്തിച്ചുകളയണം.
രോഗിയുടെ വീട്ടിലെയും പരിസര പ്രദേശങ്ങളിലെയും കിണറുകൾ സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. നഗരസഭ കൗൺസിലർ എം. രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി, റവന്യൂ ഇൻസ്പെക്ടർ ടി. സുനിരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി ഷജീഷ് എന്നിവർ സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.