കളിപ്പാട്ടം അച്ഛൻ കേടുവരുത്തിയിട്ടില്ലട്ടോ...
text_fieldsകോഴിക്കോട്: അർജുനെ ചിതയേറ്റുവാങ്ങിയാലും മരണംവരെ ഓർക്കാൻ കുടുംബത്തിന് ബാക്കിയാവുന്നത് മരണത്തിലും പോറലേൽക്കാതെ അർജുൻ സൂക്ഷിച്ച സാധനങ്ങൾ. അവസാന മിടിപ്പ് നിൽക്കുംവരെ താൻ പ്രാണനുതുല്യം സ്നേഹിച്ച മകന്റെ കളിപ്പാട്ടം, മകനായി പുതുതായി വാങ്ങിയ വസ്ത്രങ്ങൾ, അർജുൻ ഉപയോഗിച്ച പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം അർജുന്റെ മൃതദേഹത്തിനൊപ്പം ഓർമയുടെ ശേഷിപ്പുകളായി ബന്ധുക്കൾ കൊണ്ടുവരുന്നുണ്ട്.
മകന്റെ ഓർമയും സന്തോഷവും അകലത്തിരുന്നാണെങ്കിലും സദാ കാണാൻ മകനറിയാതെ വീട്ടിൽനിന്ന് കൊണ്ടുവന്ന കളിപ്പാട്ടമായ ലോറിക്ക് ഇത്രവലിയ കെടുതിയിലും ഒരു ക്ഷതവും ഏൽക്കാതിരിക്കണെമങ്കിൽ അത്രമേൽ ഭദ്രമാക്കിയാണ് ആ പിതാവ് അത് സൂക്ഷിച്ചിട്ടുണ്ടാവുക. പിതാവിനെക്കുറിച്ചുള്ള ഓർമകൾ കെട്ടടങ്ങാതെ സൂക്ഷിക്കാൻ മകൻ അയാന് അതു മാത്രം മതിയാകും ഇനിയുള്ള കാലം. ഈ ലോകം മുഴുവൻ മനസ്സുകൊണ്ട് സഞ്ചരിക്കാൻ അർജുൻ മകന് വാങ്ങിനൽകിയ ആ ലോറി തന്റെ കൈകളിൽ തിരിച്ചെത്തുമ്പോൾ അയാന്റെ സന്തോഷപ്രകടനത്തിന് അതിരുണ്ടാവില്ല. പക്ഷേ, അത് കണ്ടുനിൽക്കുന്നവരുടെ കണ്ണുകൾക്ക് ഗംഗാവാലി പുഴയെക്കാൾ കുത്തൊഴുക്കുണ്ടാകും.
അർജുനേറ്റ ദുരന്തത്തിന്റെ ഓർമചിത്രമായി ലോറിയിൽനിന്ന് കണ്ടെടുത്ത പാത്രങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടവുമെല്ലാം മാറുമെങ്കിലും അത് ഉപേക്ഷിക്കാൻ കുടുംബം ഒരുക്കമല്ല. വണ്ടിയിൽനിന്ന് കിട്ടിയ സാധനങ്ങളെല്ലാം കൊണ്ടുവരാൻ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ അർജുന്റെ സഹോദരൻ അഭിജിത്തിനെ ചുമതലപ്പെടുത്തിയതായിരുന്നു. അർജുന്റെ സന്തോഷം നിലനിർത്താനുള്ളതൊക്കെയും ചെയ്യാനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.