വഴിമുട്ടിയത് വൃദ്ധസദനമടക്കം ചാരിറ്റി പ്രവർത്തനത്തിനുള്ള വരുമാനം
text_fieldsകോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്കിന് സമീപമുള്ള 30ഓളം പെട്ടിക്കടകള്‍ കോർപറേഷൻ പൊളിച്ചുനീക്കിയപ്പോൾ അനിലക്ക് നഷ്ടമായത് വൃദ്ധസദനമടക്കം തന്റെ ചാരിറ്റി പ്രവർത്തനത്തിനുള്ള വഴി. മാത്രമല്ല ചാരിറ്റി പ്രവർത്തനത്തിനായി ഇവരെടുത്ത വായ്പ ഇനിയെങ്ങനെ തിരിച്ചടക്കുമെന്നറിയാതെ മിഴിച്ചുനിൽക്കുകയുമാണ് സാമൂഹിക സേവനത്തിന് സംസ്ഥാന സർക്കാറിന്റെ മഹിള തിലകം അവാർഡ് നേടിയ അനില.
മെഡിക്കൽ കോളജിന് സമീപം നടത്തിയിരുന്ന പെട്ടിക്കടയിൽ നിന്നുലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ഇവർ അഞ്ച് അന്തേവാസികളുള്ള വൃദ്ധസദനം നടത്തിപ്പിനുള്ള വരുമാനം കണ്ടെത്തുന്നത്. മാത്രമല്ല ഇവരുടെ കടയിൽ നിന്ന് നിരവധി പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ദീനാർ സേവാ ചാരിറ്റിബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് 18 വർഷത്തോളമായി സാമൂഹിക സേവന പ്രവർത്തനത്തിൽ സജീവമാണ് അനിലയും കുടുംബവും.
മറ്റു വരുമാന മാർഗങ്ങൾ നിലച്ചതോടെ ഏഴര വർഷം മുമ്പാണ് മെഡിക്കൽ കോളജിന് സമീപം ഉന്തുവണ്ടിക്കച്ചവടം ആരംഭിച്ചത്. മെഡിക്കൽ കോളജിൽ പ്ലംബറായിരുന്നു ഭർത്താവ് ബാലചന്ദ്രൻ. ഇനിയിപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിന്റെ വാടകയും ലോണിലേക്കുള്ള അടവും എങ്ങനെ കണ്ടെത്താൻ കഴിയുമെന്നറിയാതെ പ്രയാസപ്പെടുകയാണ് അനില.
പെട്ടിക്കടകൾ പൊളിച്ചുനീക്കുമെന്ന് അധികൃതർ നേരത്തെ വിവരം അറിയിച്ചിരുന്നെങ്കിൽ രണ്ടുദിവസം മുമ്പ് പുതിയ അലമാറ വാങ്ങിയതും ഇന്നലെ ഭക്ഷ്യ സാധനങ്ങൾ വാങ്ങിയതുമടക്കം 7000ത്തോളം രൂപയുടെ നഷ്ടമെങ്കിലും തനിക്ക് ഒഴിവാക്കാമായിരുന്നുവെന്നും ഇവർ പറയുന്നു. ദലിത് ഫെഡറേഷന്റെ അംബേദ്കർ അവാർഡ്, ചിറ്റിലപ്പള്ളി അവാർഡ് അടക്കം നിരവധി അവാർഡുകളും ഇവരെ തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.