കൂൾബാറിലെ മാലിന്യങ്ങൾ ജലാശയത്തിൽ തള്ളിയ കടയുടമക്ക് കിട്ടിയത് എട്ടിന്റെ പണി
text_fieldsനാദാപുരം: കൂൾബാറിലെ മാലിന്യങ്ങൾ ജലാശയത്തിൽ തള്ളിയ കടയുടമക്ക് അയ്യായിരം രൂപ പിഴയും 24 മണിക്കൂറിനകം മാലിന്യം നീക്കാൻ നിർദേശവും ലഭിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെയും തൂണേരിയുടെയും അതിർത്തി പ്രദേശമായ ചേറ്റുവെട്ടി തോടിന്റെ തോട്ടുമ്മോത്ത് പാലത്തിന്റെ താഴെയാണ് മാലിന്യം തള്ളിയത്.
ജലാശയത്തിൽ മാലിന്യങ്ങൾ തള്ളൽ പതിവായതോടെ നാട്ടുകാർ നാദാപുരം പഞ്ചായത്തിൽ പരാതി നൽകുകയായിരുന്നു. മാലിന്യകെട്ടുകളിൽനിന്ന് നാദാപുരം ടൗണിലെ സൂപ്പർമാർക്കറ്റിൽനിന്നും സാധനങ്ങൾ വാങ്ങിയതിന്റെ ബിൽ ലഭിക്കുകയും, ഇതുവഴി മാലിന്യം നിക്ഷേപിച്ച സ്ഥാപനം കണ്ടെത്തി നടപടി സ്വീകരിക്കുകയുമായിരിന്നു.
നാദാപുരം വടകര റോഡിൽ പ്രവർത്തിക്കുന്ന ഐസും ഗ്ലാസും എന്ന സ്ഥാപനത്തിൽ നിന്നാണ് മാലിന്യങ്ങൾ തള്ളിയത്. നാട്ടുകാരുടെ സഹായത്തോടെ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
സ്ഥാപനത്തിന്റെ ലൈസൻസി ആയ ഒറ്റപ്പിലാക്കൂൽ അബ്ദുൽസലാം എന്നയാൾക്ക് 5000 രൂപ പിഴ ചുമത്തി. നിശ്ചിത സമയത്തിനകം മാലിന്യങ്ങൾ നീക്കംചെയ്യാത്ത പക്ഷം തുടർനടപടികൾ സ്വീകരിക്കുകയും പ്രോസിക്യൂഷൻ നടപടി കൈ കൊള്ളുകയും ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രാത്രിയുടെ മറവിൽ ടൗണിലെ കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ പൊതു ഇടങ്ങളിലും പ്രധാന റോഡുകളിലും തള്ളുന്നത് പതിവാണ്.ഇതു കാരണം തെരുവ് നായ്ക്കളുടെ ശല്യം കൂടാനും ഇടയാക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.