നഗര റോഡിൽ കടകൾ; ഗതാഗതക്കുരുക്കും അപകട ഭീഷണിയും
text_fieldsകോഴിക്കോട്: ജനത്തിരക്കേറിയ മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിക്കുമുന്നിൽ കോർപറേഷൻ പെട്ടിക്കടകൾ തുറന്നുകൊടുത്തത് ഗതാഗതക്കുരുക്കിനും അപകട ഭീഷണിക്കും ഇടയാക്കുന്നു. പബ്ലിക്ക് ലൈബ്രറിക്ക് സമീപം കോംട്രസ്റ്റ് ഗ്രൗണ്ടിനോട് ചേർന്ന് റോഡിൽ തുറന്നുപ്രവർത്തിച്ച കടകളാണ് അപകട ഭീഷണിയാകുന്നത്. മാനാഞ്ചിറയിൽ ഇടതടവില്ലാതെ സിറ്റി, ലിമിറ്റഡ് സ്റ്റോപ്, ലൈൻ ബസുകൾ കടന്നുപോവുന്ന റൂട്ടിലാണ് അപകടസാധ്യത പരിഗണിക്കാതെ കോർപറേഷൻ കടകൾ തുറന്നിരിക്കുന്നത്.
മഴ പെയ്ത് സ്പോർട്സ് കൗൺസിനു മുന്നിൽ വെള്ളക്കെട്ട് കൂടി രൂപപ്പെടുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമാവുകയാണ്. കോർപറേഷന്റെ നിരവധി കെട്ടിടങ്ങളിൽ മുറികൾ ഒഴിഞ്ഞുകിടന്നിട്ടും വ്യാപാരികളുടെ സമ്മർദത്തിന് വഴങ്ങിയാണ് തിരക്കേറിയ മാനാഞ്ചിറ ജങ്ഷനിൽ കടകൾ അനുവദിച്ചതെന്നും ആരോപണമുണ്ട്.
പാർക്കിങ് സൗകര്യമില്ലാതെ നട്ടംതിരിയുന്ന നഗരത്തിൽ മിഠായിത്തെരുവിലേക്കും മാനാഞ്ചിറയിലേക്കും ലൈബ്രറിയിലേക്കും വരുന്നവർ ഇരുചക്ര വാഹനങ്ങളം കാറും പാർക്ക് ചെയ്യുന്ന സ്ഥലത്താണ് പുതുതായി കടകൾ തുറന്നത്.
ഇതോടെ വാഹനങ്ങൾ മറ്റ് ഭാഗങ്ങളിൽ റോഡിലേക്കിറക്കി പാർക്ക് ചെയ്യുകയാണ്. അപകട സാധ്യത ചൂണ്ടിക്കാട്ടി ഇവിടെ കടകൾ തുറക്കുന്നതിനെ നേരത്തെ ട്രാഫിക് പൊലീസ് എതിർത്തിരുന്നു. ഇത് വകവെക്കാതെയാണ് കോർപറേഷൻ കടകൾക്ക് അനുമതി നൽകിയത്. നാലു കടകളാണ് ഇവിടെ നിർമിച്ചത്. ഇതിൽ രണ്ടെണ്ണം പ്രവർത്തനം ആരംഭിച്ചു. പാർക്കിങ് പ്ലാസക്കായി പൊളിച്ചുമാറ്റിയ കിഡ്സൻ കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞ വ്യാപാരികളെയാണ് ഇവിടെ പുനരധിവസിപ്പിച്ചിരിക്കുന്നത്.
കടകൾ തുറന്നതോടെ ഈ ഭാഗത്ത് കടകളിലേക്കെത്തുന്നവരുടെ തിരക്കും അുഭവപ്പെടുന്നുണ്ട്. മാത്രമല്ല മാനാഞ്ചിറയിൽനിന്ന് ആളുകളെ കയറ്റുന്ന വാഹനങ്ങൾ വളവ് തിരിഞ്ഞ് അതിവേഗതയിലാണ് ഈ ഭാഗത്തുകൂടെ സാധാരണ കടന്നു പോകുന്നത്. ഇത് കടകളിലേക്കെത്തുന്നവരുടെ ജീവന് തന്നെ ഭീഷണി ഉയർത്തും. നേരത്തെ മാനാഞ്ചിറയിൽ ബസ്സിനടിയിൽപ്പെട്ട് ദമ്പതികൾ മരിച്ചിരുന്നു.
തിരക്കേറിയ ഭാഗത്ത് കടകൾ തുറന്നത് ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്നും ആശങ്കയുണ്ട്. തിരക്കേറിയ ഭാഗത്തുനിന്ന് കടകൾ മാറ്റിസ്ഥാപിക്കണമെന്നും വ്യാപാരികളെ കോർപറേഷൻ അധീനതയിലുള്ള അനുയോജ്യമായ മറ്റ് ഇടങ്ങളിലേക്ക് പുനരധിവസിപ്പിക്കണമെന്നും ഐ.എൻ.ടി.യു.സി ജില്ല നേതൃത്വം ആവശ്യപ്പെട്ടു.
മിഠായിത്തെരുവിലേക്കും മാനാഞ്ചിറയിലേക്കും വരുന്ന ആളുകൾക്ക് ദുരിതം സമ്മാനിക്കുന്നതാണ് കോർപറേഷൻ നടപിയെന്ന് പരക്കെ ആക്ഷേപം ഉയർന്നിരിക്കുകയാണ്. നഗരത്തിലെ സന്നദ്ധ സംഘടനകൾ ഇതിനെതിരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.