കാരുണ്യ കനിഞ്ഞില്ല; മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം
text_fieldsകോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിനു ലഭിക്കാനുള്ളത് 180 കോടി. കുടിശ്ശിക കൂടിയതോടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിൽ വിതരണക്കാർക്ക് ആശുപത്രി വികസന സമിതി നൽകാനുള്ള കുടിശ്ശികയും വർധിച്ചു. ഇതുമൂലം മരുന്ന്, സർജിക്കൽ ഉപകരണങ്ങളുടെ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. കുടിശ്ശിക 75 കോടി കടന്നതോടെ വിതരണക്കാർ മരുന്ന് വിതരണം നിർത്തി. ഇതോടെ മെഡിക്കൽ കോളജിൽ അർബുദ രോഗികളക്കമുള്ളവരുടെ അത്യാവശ്യ മരുന്നുകൾക്കും ഇൻജക്ഷനുകൾക്കും ക്ഷാമം രൂക്ഷമായിട്ടുണ്ട്. അടുത്ത ദിവസത്തോടെ മരുന്നുകൾ പൂർണമായും ലഭിക്കാതാവുന്ന അവസ്ഥയാവും. കാൻസർ രോഗികൾക്കുള്ള ഇൻജക്ഷനായ ലപ്ട്നിബ്, കാർബോ പ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ, ലൂക്കോറിക് ആസിഡ്, ഫിൽഗ്രാസ്റ്റിം, ഡോസെടാക്സൽ തുടങ്ങി വിവിധയിനം മരുന്നുകളുടെ സ്റ്റോക്ക് തീർന്നിരിക്കുകയാണ്.
സർജിക്കൽ ഉപകരണങ്ങളുടെ വിതരണം 31ന് നിർത്തിവെക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പല കമ്പനികളും മരുന്നിനോടൊപ്പം ഉപകരണങ്ങളുടെ വിതരണവും നിർത്തിവെച്ചു. ആശുപത്രി തിയറ്ററിൽ ഗ്ലൗസ് അടക്കമുള്ളവയുടെ ക്ഷാമവും രൂക്ഷമായിട്ടുണ്ട്. ഇപ്പോൾ അത്യാവശ്യത്തിനുള്ള സാധനങ്ങൾ ലോക്കൽ പെർച്ചേസ് വഴി പുറത്തുനിന്ന് വാങ്ങുകയാണ്. ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കാത്ത മരുന്നുകൾ എച്ച്.ഡി.എസ് ന്യായവില ഫാർമസിയിൽനിന്നാണ് രോഗികൾ വാങ്ങുന്നത്. കാരുണ്യ ഉപഭോക്താക്കൾക്കുള്ള മരുന്നും ഉപകരണങ്ങളും ഇവിടെനിന്ന് സൗജന്യമായി ലഭിക്കും. ആനുകൂല്യത്തിന് പുറത്തുള്ളവർക്ക് മിതമായ നിരക്കിലും ഇത് ലഭിച്ചിരുന്നു. ഇപ്പോൾ വില കൂടിയ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും രോഗികൾ സ്വകാര്യ ഫാർമസികളിൽ നിന്ന് വാങ്ങിയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് മുതൽ 75 കോടിയോളം രൂപ വിതരണക്കാർക്ക് കുടിശ്ശികയായി ലഭിക്കാനുണ്ട്.
ഇതിൽ ഡിസംബർ 31 വരെയുള്ള കുടിശ്ശിക ഞായറാഴ്ചക്കു മുമ്പ് അനുവദിച്ചില്ലെങ്കിൽ വിതരണം നിർത്തിവെക്കുമെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ കോഴിക്കോട് യൂനിറ്റ് കമ്മിറ്റി നേരത്തെ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, മരുന്ന് വിതരണം നിർത്തിവെച്ച് രണ്ടുദിവസം പിന്നിട്ടിട്ടും കുടിശ്ശിക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. മാർച്ച് 31ഓടെ സ്റ്റന്റ് വിതരണവും നിർത്തിവെക്കുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. അതോടെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള ഹൃദയ ശസ്ത്രക്രിയകൾ അടക്കം പൂർണമായി നിലക്കും. ഇത് സാധാരണക്കാരായ രോഗികളെ പ്രതിസന്ധിയിലാക്കും. കാരുണ്യയിൽനിന്നുള്ള കുടിശ്ശിക ലഭിക്കാത്തത് ആശുപത്രി വികസന സമിതിയുടെ മറ്റ് പ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.