ഗന്ധർവ സംഗീതത്തെ ഉപാസിച്ച് ഷുഹൈബ്
text_fieldsനന്മണ്ട: ഗന്ധർവ നാദത്തെ ഉപാസിച്ച ജീവിതമാണ് പ്രവാസിയായ എഴുകുളം ഷുഹൈബിന്. നന്മണ്ട 13ലെ ചായക്കടക്കാരനായ ഷുഹൈബിന്റെ ജീവിതം വർഷങ്ങളായി യേശുദാസിന്റെ പാട്ടുകൾക്ക് പിറകെയാണ്.
ചായക്കടയിലെത്തുന്നവർക്ക് അവിടെ സ്ഥാപിച്ച റേഡിയോ ടേപ് റിക്കാർഡിൽനിന്ന് പാട്ടും കേൾക്കാം, ഒപ്പം 20 രൂപക്ക് വിശപ്പും അടക്കാം. യേശുദാസിന്റെ പാട്ടിൽനിന്നാണ് ഷുഹൈബിന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം. ഇടക്കിടക്ക് എഫ്.എം റേഡിയോയിൽ വരുന്ന യേശുദാസിന്റെ ഗാനങ്ങളും കേൾപ്പിക്കും. എന്നും രാവിലെ അഞ്ചരയോടെ ചായക്കട തുറന്നു പ്രവർത്തിക്കും. അതോടൊപ്പം ഷുഹൈബിന്റെ പാട്ടിനോടുള്ള പ്രണയവും ആരംഭിക്കും.
ഓലമേഞ്ഞ ഷെഡിൽ പഴമയെ അനുസ്മരിപ്പിക്കുന്ന ആവി പറക്കുന്ന പുട്ട്, പഴം. പിന്നെ എണ്ണക്കടികൾ... എല്ലാം ലൈവാകുമ്പോൾ ഉപഭോക്താക്കൾക്കും നൂറു ശതമാനം സംതൃപ്തി. പഴയകാലത്തെ ചായക്കടകളിൽ ഉണ്ടായിരുന്ന രാഷ്ടീയ ചർച്ചകൾക്കും ഈ കട വേദിയാവാറുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോഴും ഗ്യാസിന് വില കൂടുമ്പോഴും ഗുണഭോക്താക്കളുടെ മേൽ അധിക വില അടിച്ചേല്പിക്കാൻ ഷുഹൈബ് തയാറല്ല. സഹായിയായി നാട്ടുകാരനായ കബീറുമുണ്ട്. 34 വർഷം ബഹറൈനിൽ ജോലിചെയ്ത ഷുഹൈബ് തൊഴിൽ കാലഘട്ടത്തിൽ പല പ്രയാസങ്ങളും തരണം ചെയ്തിട്ടുണ്ട്. ആരോഗ്യമുള്ളിടത്തോളം കാലം അമിത വില ഈടാക്കാതെ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയട്ടെ എന്നാണ് ഷുഹൈബിന്റെ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.