എസ്.ഐയെ വിദ്യാർഥികൾ മർദിച്ചു; 10 പേർ കസ്റ്റഡിയിൽ
text_fieldsവെള്ളിമാട്കുന്ന്: ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ മർദിച്ച കേസിൽ 10 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെയാണ് ജെ.ഡി.ടി ആർട്സ് കോളജിലെ വിദ്യാർഥികൾ കൂട്ടംചേർന്ന് ചേവായൂർ എസ്.ഐ ആർ.എസ്. വിനയനെ മർദിച്ചത്. പൊലീസ് വാഹനം കേടുവരുത്തിയതതായും പൊലീസ് പറഞ്ഞു. വിദ്യാർഥികൾ തമ്മിൽ പരസ്പരം റോഡിലിറങ്ങി കൈയാങ്കളി നടത്തുന്നത് പതിവായിരുന്നു. ഇതുമൂലം ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും ഏറെ പ്രയാസമുണ്ടാകുന്നതായി പരാതി നിലനിൽക്കുന്നതായി പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ചെറുവറ്റയിലെ ടർഫിന് സമീപത്തെ വാടക വീട്ടിൽ നിന്നും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ചിലരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ എസ്.ഐ വിനയൻ ചിലരെ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയിരുന്നു. വ്യാഴാഴ്ച കോളജിലെ ജൂനിയർ, സീനിയർ വിദ്യാർഥികൾ തമ്മിൽ റോഡിൽ വെച്ച് കൈയാങ്കളിയും നടന്നു. എസ്.ഐ എത്തിയാണ് വിദ്യാർഥികളെ വിരട്ടിയോടിച്ചത്. അന്നും ചിലരെ എസ്.ഐ ചോദ്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച വൈകീട്ടും എസ്.ഐ ജീപ്പിൽ ഒറ്റക്കെത്തി ചിലരെ അന്വേഷിച്ചു. ഇതിനിടെ ഒരു വിദ്യാർഥിയെ പിടികൂടിയത് മറ്റു വിദ്യാഥികൾ ചോദ്യം ചെയ്യുകയും എസ്.ഐയെ വളഞ്ഞിട്ട് മർദിക്കുകയും ചെയ്തു. പിടികൂടിയവനെ വിടാതെ തന്നെ മർദനം എസ്.ഐ മൊബൈലിൽ പകർത്തുകയും ചെയ്തു. കൂടുതൽ പൊലീസെത്തി സംഭവത്തിൽ ഉൾപ്പെട്ട ചില വിദ്യാർഥികളെ കണ്ടെത്തുകയും ചിലരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അസി. സിറ്റി പൊലീസ് കമീഷണർ കെ.ഇ. ബൈജു, അസി. കമീഷണർ കെ. സുദർശൻ, പൊലീസ് ഇൻസ്പെക്ടർ കെ.കെ. ആഗേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അക്രമികളായ വിദ്യാർഥികളെ അന്വേഷിച്ച് വിവിധ താമസ കേന്ദ്രങ്ങളിൽ രാത്രിയിൽ അന്വേഷിച്ചെത്തുകയും ചെയ്തു. ചെറുവറ്റയിലെ വീട്ടിൽ നിന്ന് താമസക്കാരായ രണ്ടു വിദ്യാർഥികളെ പൊലീസ് സംഘം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് ചില നിരപരാധികളായ വിദ്യാർഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പരാതിയുണ്ട്. 14 പേരെ കസ്റ്റഡിയിലെടുക്കുകയും അതിൽ 5 വിദ്യാർഥികൾ അറസ്റ്റിലാവുകയും ചെയ്തു. ഷുമൈം, അംറാസ്, കാശിനാഥൻ, റിനാൻ, മുഹമ്മദ് ആദിൽ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് എസ്.ഐ പ്രകോപനപരമായി പെരുമാറുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തതായി വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികൾ നിരന്തരമായി റോഡിൽ കൈയാങ്കളി നടത്തുന്നത് ഏറെ അപകടം വിളിച്ചുവരുത്തുകയും പ്രദേശത്തെ ക്രമസമാധന ലംഘനത്തിന് ഇടവരുത്തുകയുമാണെന്ന് പ്രദേശവാസികളും വ്യാപാരികളും പറയുന്നു.
പൊലീസിനെ പോലും വിലകൽപ്പിക്കാതെയാണ് അക്രമമെന്ന് അവർ പറയുന്നു. കൈയാങ്കളിക്കിടെ ചെറിയ കുട്ടികൾക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണെന്ന് വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.