ഹോട്ടലുടമയുടെ കൊല; വീണ്ടും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്
text_fieldsകോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദീഖിനെ വധിച്ച് കഷണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ നടക്കാവ് പൊലീസ് കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള ഏഴാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
മൂന്നു പ്രതികളെയും ജൂലൈ ഏഴുവരെ റിമാൻഡ് ചെയ്ത കോടതി ഇവരെ വീണ്ടും അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ കൂടുതൽ വാദംകേൾക്കാൻ ശനിയാഴ്ചത്തേക്കു മാറ്റി. തിരൂർ പൊലീസെടുത്ത കേസ് നടക്കാവ് സ്റ്റേഷൻ ഏറ്റെടുത്ത സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസ് ആവശ്യം.
പ്രതികളായ വല്ലപ്പുഴ ചെറുകോട് ആച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), ചെർപ്പുളശ്ശേരി ചളവറ കുട്ടുതൊടി ഖദീജത്തുൽ ഫർഹാന (18), പാലക്കാട് മേച്ചേരി വല്ലപ്പുഴ വാലുപറമ്പിൽ മുഹമ്മദ് ആഷിഖ് എന്ന സിക്കു (26) എന്നിവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ജെഫ്രി ജോർജ് ജോസഫാണ് അപേക്ഷ നൽകിയത്.
പ്രതികളുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂരിന്റെ ജൂനിയർമാരായ അഡ്വ. ഹിജാസ് അഹമ്മദ്, അഡ്വ. അബ്ദുൽ റഷീദ് എന്നിവർ അപേക്ഷയെ എതിർത്തു. കേസിൽ പ്രതികളെ നേരത്തേ കസ്റ്റഡിയിൽ നൽകിയതിനാൽ അന്വേഷണം ഏറെ മുന്നോട്ടുപോയശേഷം വീണ്ടും വിട്ടുകൊടുക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ, കോഴിക്കോട് കോടതിയിൽ ആദ്യമായാണ് ഹാജരാക്കുന്നതെന്നും വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
തൊണ്ടിമുതലുകൾ കണ്ടെടുത്തെങ്കിലും കത്തി, ചുറ്റിക എന്നിവ ആര് കൊടുത്തുവെന്ന് അറിയേണ്ടതുണ്ട്. ഒളിവിൽ താമസിച്ച പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലെ കാര്യങ്ങളും അന്വേഷിക്കണം. കാർ തട്ടിയെടുത്ത് എവിടെയെല്ലാം കൊണ്ടുപോയി എന്നതിലും കോഴിക്കോട് കടപ്പുറത്തടക്കം ഗൂഢാലോചന നടത്തിയ കാര്യവും അന്വേഷിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കഴിഞ്ഞ മേയ് 18ന് തിരൂർ ഏഴൂർ സ്വദേശിയും കോഴിക്കോട് കുന്നത്തുപാലത്ത് ചിക്കൻ ബേക്ക് ഹോട്ടൽ നടത്തുകയും ചെയ്യുന്ന സിദ്ദീഖിനെ (58) ഹണിട്രാപ്പിൽ കുടുക്കി എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ച് വധിച്ച് ട്രോളി ബാഗിലാക്കി ഉപേക്ഷിക്കുകയും എ.ടി.എം ഉപയോഗിച്ച് പണം തട്ടുകയും മുറി കഴുകി തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നതാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.