സിദ്ദീഖിന്റെ കൊലപാതകം; പുനരാവിഷ്കരിച്ച് അന്വേഷണ സംഘം
text_fieldsകോഴിക്കോട്: ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിന്റെ കൊലപാതകം പ്രതികളെക്കൊണ്ട് പുനരാവിഷ്കരിച്ച് അന്വേഷണസംഘം.
കൊല നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇന്നിലെ മുറിയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ഹണിട്രാപ് ഒരുക്കിയതും സിദ്ദീഖിനെ മർദിച്ചതും കൊലപ്പെടുത്തിയതും മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയതും റൂമിലെ തെളിവുകൾ നശിപ്പിച്ചതും ബാഗ് പുറത്തെത്തിച്ചതും അടക്കമുള്ള സംഭവങ്ങൾ തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു, ഇൻസ്പെക്ടർ എം.ജെ. ജീജോ എന്നിവരുടെ സാന്നിധ്യത്തിൽ പുനരാവിഷ്കരിച്ചത്.
ബുധനാഴ്ച രാവിലെ 9.55നാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ ഷിബിലിയെയും ഫർഹാനയെയും പൊലീസ് എരഞ്ഞിപ്പാലത്ത് എത്തിച്ചത്. ഈ സമയം ഹോട്ടൽ പരിസരം ജനങ്ങളാൽ നിറഞ്ഞിരുന്നു. ഫർഹാനയെ ജീപ്പിലിരുത്തി ആദ്യം ഷിബിലിയെയാണ് ഹോട്ടൽ മുറിയിൽ കൊണ്ടുപോയി നടന്ന സംഭവങ്ങൾ പറയിപ്പിച്ചത്. പിന്നീട് 10.15ന് ഫർഹാനയെയും ഹോട്ടൽ മുറിയിലെത്തിച്ചു. തുടർന്നാണ് കൊല പ്രതികളെക്കൊണ്ട് പൊലീസ് ‘ദൃശ്യവത്കരിച്ചത്’.
ഹണിട്രാപ് തടഞ്ഞതോടെ ഷിബിലി സിദ്ദീഖിന്റെ കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിച്ചതും പിന്നീട് ഫർഹാന നൽകിയ ചുറ്റികകൊണ്ട് അടിച്ചതും ചവിട്ടിവീഴ്ത്തി തലയണകൊണ്ട് മുഖം പൊത്തിയതും മൃതദേഹം കട്ടറുപയോഗിച്ച് കഷണങ്ങളാക്കിയതും ശുചിമുറി കഴുകി വൃത്തിയാക്കിയതുമെല്ലാം ഇരുവരും പൊലീസിന് കാണിച്ചുകൊടുത്തു.
ഒരുമണിക്കൂറിലേറെ നീണ്ട ഹോട്ടൽ മുറിയിലെ തെളിവെടുപ്പിനൊടുവിൽ ഫർഹാനയെ ജീപ്പിലിരുത്തി ഷിബിലിയെ ഗ്ലൗസ്, ഡെറ്റോൾ, പഞ്ഞി എന്നിവ വാങ്ങിയ സമീപത്തെ മെഡിക്കൽ ഷോപ്പിലും ഇലക്ട്രിക് കട്ടർ വാങ്ങിയ പുഷ്പ ജങ്ഷനിലെ ടൂൾടെക് ഷോപ്പിലും ട്രോളി ബാഗ് വാങ്ങിയ മിഠായിത്തെരുവിലെ മലബാർ ഫൂട്കെയറിലും കൊണ്ടുപോയി തെളിവെടുത്തു. ഇവിടങ്ങളിലെ ജീവനക്കാർ ഷിബിലിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇലക്ട്രിക് കട്ടറിന്റെ ബിൽ പകർപ്പ് പൊലീസ് കടയിൽനിന്ന് വാങ്ങിയിട്ടുണ്ട്. പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ തടിച്ചുകൂടിയ ആളുകൾ രോഷാകുലരായിരുന്നു. ചെറുപ്രായമല്ലേ, എന്തിനാണിങ്ങനെ ചെയ്തതെന്ന് കൂടിനിന്നവർ ചോദിച്ചു. ഇവരെ വെറുതെ വിടരുതെന്നും തക്കതായ ശിക്ഷ നൽകണമെന്നും പലരും വിളിച്ചുപറഞ്ഞു. വിലങ്ങണിയിച്ചുകൊണ്ടുവന്ന പ്രതികളിൽ ഫർഹാനയുടെ മുഖം മുഴുവൻ സമയവും മറച്ചിരുന്നു.
ഡിവൈ.എസ്.പിയെയും ഇൻസ്പെക്ടറെയും കൂടാതെ എസ്.ഐ പ്രമോദ്, സി.പി.ഒമാരായ ഷറഫുദ്ദീൻ, ഉണ്ണിക്കുട്ടൻ, ധനീഷ് ലാൽ, ബിജു, ജാഫർ അലി, സരിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.
പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കോഴിക്കോട്: സിദ്ദീഖ് കൊലപാതകത്തിലെ തെളിവെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായതോടെ പ്രതികളായ ഷിബിലി, ഫർഹാന, ആഷിഖ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. ഇതിനായി ആഷിഖിനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കൊലക്കുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തി. ഇതിൽനിന്ന് ലഭിച്ച വിവരങ്ങളിലെ പൊരുത്തക്കേടുകളിൽ വ്യക്തത വരുത്തുകയാണ് വേണ്ടത്.
ഇതിനാണ് മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഇൻസ്പെക്ടർ എം.ജെ. ജീജോ പറഞ്ഞു. ഫർഹാന നേരത്തേ നൽകിയ പരാതിയിൽ പോക്സോ കുറ്റം ചുമത്തി ഷിബിലി റിമാൻഡിലായിരുന്നുവെങ്കിലും പിന്നീട് ഇവരൊന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു.
നേരത്തേ ഷിബിലി ജോലിചെയ്ത അസമിലേക്ക് പോകാനാണ് തീരുമാനിച്ചത്. സിദ്ദീഖിനെ ഹണി ട്രാപ്പിൽപെടുത്തി ആവശ്യമായ പണം വാങ്ങിയെടുക്കുകയാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.