സിഗ്നലുകൾ കണ്ണടച്ചു ജങ്ഷനുകളിൽ ആശയക്കുഴപ്പം
text_fieldsകോഴിക്കോട്: നഗരത്തിൽ വിവിധ ജങ്ഷനുകളിൽ ട്രാഫിക് സിഗ്നൽ വിളക്കുകൾ കേടാവുന്നത് ഗതാഗതക്കുരുക്കും ആശയക്കുഴപ്പവുമുണ്ടാക്കുന്നു. മാവൂർ റോഡ്-രാജാജി റോഡ് ജങ്ഷനിൽ ദിവസങ്ങളായി സിഗ്നൽ നിലച്ചിട്ട്.
നാലും കൂടിയ ജങ്ഷനിൽ മൂന്നു പൊലീസുകാർ നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പൊലീസുകാർ അത്യാവശ്യത്തിന് മാറിനിൽക്കുമ്പോഴേക്കും തലങ്ങും വിലങ്ങും വണ്ടികൾ ഓടി ഗതാഗതക്കുരുക്കുണ്ടാവുന്നു. രാത്രി വൈകിയാൽ പൊലീസുകാരും പോവുന്നതോടെ അപകടാവസ്ഥയേറുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കും സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുമുള്ള നൂറുകണക്കിന് ബസുകളടക്കം ദിനേന കടന്നുപോവുന്ന ജങ്ഷനിലാണ് സിഗ്നലില്ലാതായത്. കുനിയിൽക്കാവിലേക്കുള്ള റോഡ് കൂടി വന്നതോടെ നഗരത്തിലെ ഏറ്റവും തിരക്കുള്ള ജങ്ഷനായി മാറിയിരിക്കയാണിവിടെ.
സിഗ്നൽ ഇല്ലാത്തതിനാൽ ജങ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. സീബ്രലൈനിൽ ആൾ കയറിയാലും സിഗ്നലില്ലാത്തതിനാൽ വാഹനങ്ങൾ നിർത്തുന്നില്ല. ഇടക്കിടെ വാഹനങ്ങൾ നിർത്തി കാൽനടയാത്രക്കാരെ കടത്തിവിടാൻ പൊലീസുകാർ പെടാപ്പാട് പെടുന്നു. റോഡ് മുറിച്ചുകടക്കാനാവാതെ കാൽനടയാത്രക്കാരും പൊലീസുമായി വാക്തർക്കവും സാധാരണയായി. തിരക്കേറിയ രാജാജി റോഡ്-മാവൂർ റോഡ് ജങ്ഷനിൽ ഇടക്കിടെ സിഗ്നൽ പണിമുടക്കുന്നുണ്ട്.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിഗ്നൽ വർഷങ്ങൾക്കു മുമ്പ് കെ.കെ. രാഗേഷ് എം.പിയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിച്ചിരുന്നുവെങ്കിലും എല്ലാം പഴയതായി. കാലഹരണപ്പെട്ട ട്രാഫിക് വിളക്കിന്‍റെ ബാറ്ററി മാറ്റിയിട്ടും പ്രവർത്തനം സുഗമമല്ല.
രാമനാട്ടുകര-വെങ്ങളം ബൈപാസും ബാലുശ്ശേരി സംസ്ഥാന പാതയും സന്ധിക്കുന്ന വേങ്ങേരി ജങ്ഷനിൽ മാസങ്ങളായി സിഗ്നൽ സംവിധാനമില്ല. ഇവിടെ സിഗ്നൽ അത്യാവശ്യമില്ലാത്തതിനാൽ ഓഫാക്കിയിട്ടതാണെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. എന്നാൽ, ജങ്ഷനാണെന്ന് കാണിക്കാനുള്ള വിളക്കുകൾ പോലും വേങ്ങേരിയിൽ പ്രവർത്തിക്കുന്നില്ല.
നഗരത്തിൽ സീബ്രലൈനുകൾക്ക് സമീപം സ്ഥാപിച്ച മിക്ക സിഗ്നൽ ലൈറ്റുകളും കണ്ണടച്ചിരിക്കയാണ്. സീബ്രലൈനുകൾ മാഞ്ഞതിനൊപ്പം സിഗ്നൽ വിളക്കുകൂടിയില്ലാതായതോടെ ജീവൻ പണയംവെച്ചു വേണം റോഡ് മുറിച്ചുകടക്കാൻ. സി.എച്ച് ഓവർ ബ്രിഡ്ജ്, സ്റ്റേഡിയം, ഫ്രാൻസിസ് റോഡ്, പുതിയറ, ജയിൽ റോഡ്, എരഞ്ഞിപ്പാലം തുടങ്ങി മിക്ക ജങ്ഷനുകളിലും സിഗ്നൽ കേടാവുന്നത് ആവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.