സിൽവർ ലൈൻ: കോഴിക്കോട് ജില്ലയിൽ 40ഓളം കേസ്; പിൻവലിക്കാൻ ആവശ്യം ശക്തം
text_fieldsകോഴിക്കോട്: സിൽവർ ലൈനിനായി ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച പശ്ചാത്തലത്തിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി. കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതിയും വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.
ജില്ലയിൽ 40ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. നേതാക്കളും സമരത്തിൽ പങ്കെടുത്തവരുമടക്കം 500ഓളം പേർക്കെതിരെ ഫറോക്ക്, പന്നിയങ്കര, ചെമ്മങ്ങാട്, നടക്കാവ്, വെള്ളയിൽ, എലത്തൂർ, കൊയിലാണ്ടി, പയ്യോളി, വടകര, ചോമ്പാല എന്നീ സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ ചില കേസുകൾ കോവിഡ് ചട്ടം ലംഘിച്ചതിനടക്കമായിരുന്നു. ഈ ഇനത്തിലെ മിക്ക കേസുകളും 45,000 രൂപയോളം പിഴയടച്ച് ഒഴിവാക്കിയിട്ടുണ്ട്.
കെ റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പറിച്ചെറിഞ്ഞു, പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു, അനുമതിയില്ലാതെ പ്രകടനം നടത്തി, പൊലീസിനെയും ഉദ്യോഗസ്ഥരെയും ആക്രമിച്ചു, കോവിഡ് ചട്ടം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പല കേസുകളിലും ചുമത്തിയത്.
കല്ലായി ഭാഗത്ത് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നശിപ്പിച്ചതിന് പന്നിയങ്കര സ്റ്റേഷനിലും മുഖ്യമന്ത്രി വിളിച്ചുചേർത്ത പൗരപ്രമുഖരുടെ യോഗത്തിലേക്ക് മാർച്ച് ചെയ്തതിന് വെള്ളയിൽ സ്റ്റേഷനിലും അഭയാർഥി പലായനം എന്ന പേരിൽ ഇരകളെ പങ്കെടുപ്പിച്ച് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നടക്കാവ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകളാണ് പ്രധാനപ്പെട്ടത്.
ഇവയിൽ കെ റെയിൽ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി. ഇസ്മയിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുസ്തഫ ഒലിവ്, സുനീഷ് കീഴാരി, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, കേരള നദീസംരക്ഷണ സമിതി നേതാവ് ടി.വി. രാജൻ, യൂത്ത് ലീഗ് നേതാവ് മൻസൂർ, യു. രാമചന്ദ്രൻ തുടങ്ങിയവരെയാണ് പ്രതിചേർത്തത്.
പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും ഭൂമിയേറ്റെടുക്കാനിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും കെ റെയിൽ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി. ഇസ്മയിൽ ആവശ്യപ്പെട്ടു. എന്നാൽ, കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിലാണ് തീരുമാനമുണ്ടാവേണ്ടതെന്നും ആ നിലക്കുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.