സിൽവർ ലൈൻ പാത; പ്രതീക്ഷകളെക്കാൾ ആശങ്ക
text_fieldsകോഴിക്കോട്: സ്വപ്നസമാനമായ റെയിൽ സഞ്ചാരം വാഗ്ദാനം ചെയ്യുന്ന തിരുവനന്തപുരം -കാസർകോട് അർധ അതിവേഗ പാത കോഴിക്കോട് വഴി കടന്നുപോകുക നിലവിലെ പാതക്ക് സമാന്തരമായി. റെയിൽപാതക്ക് സമാന്തരമായി എന്ന് പറയുന്നതിെൻറ അർഥം ഇതിനു സമീപത്തുകൂടി എന്നല്ല. കോഴിക്കോട് നഗരത്തിൽ പന്നിയങ്കര മുതൽ പാവങ്ങാട് വരെ ഭൂഗർഭ പാതയായിരിക്കുമെന്നാണ് പദ്ധതിയിൽ പറയുന്നത്.
കോരപ്പുഴയുൾപ്പെടെ പുതിയ പാലങ്ങളും സിൽവർ ലൈൻ പാതക്കായി വേണ്ടിവരും. നിലവിലുള്ള റെയിൽപാതയുടെ വികസനത്തിനായി പുതിയ നാലു പാതകൾക്ക് സ്ഥലം മാറ്റിയിടണമെന്ന് സതേൺ റെയിൽവേ നിർദേശമുണ്ട്. ഇതു കഴിഞ്ഞേ സമാന്തര പാത വരൂ. കോഴിക്കോട്ടെ സ്റ്റേഷൻ കല്ലായി ഭാഗത്തായിരിക്കും സ്ഥാപിക്കുകയെന്നാണ് സൂചന. പുതുക്കിയ പദ്ധതിരേഖ അധികൃതർ പുറത്തുവിടാത്തതിനാൽ ഇൗ വിഷയങ്ങളിൽ ഇനിയും വ്യക്തത വേണ്ടിവരും. എലത്തൂർ, കാട്ടിൽ പീടിക, പയ്യോളി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കുടിയൊഴിപ്പിക്കൽ വേണ്ടിവരുക.
മൂവായിരത്തോളം കുടുംബങ്ങളെ ജില്ലയിൽ കുടിയൊഴിപ്പിക്കുമെന്നാണ് കണക്ക്. വെസ്റ്റ്് ഹിൽ, എലത്തൂർ, ചെങ്ങോട്ടുകാവ്, പൊയിൽക്കാവ് ക്ഷേത്രം, വെങ്ങളം, കാട്ടിൽപീടിക, കോരപ്പുഴ, തിരുവങ്ങൂർ, കൊയിലാണ്ടി, നാരങ്ങോളി കുളം, തിക്കോടി, ക്രാഫ്റ്റ് വില്ലേജ്, പുതുപ്പണം, ചോറോട്, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുക. ഇതിൽ പലയിടങ്ങളിലും നിലവിലെ പാതയിൽനിന്ന് ദൂരെയാണ്. 254 ദിവസമായി കാട്ടിൽപീടിക മേഖലയിൽ ഇരകളുടെ സത്യഗ്രഹ സമരം നടന്നുവരുകയാണ്. പദ്ധതിയുെട ദൂരവ്യാപക പ്രത്യാഘാതത്തെപ്പറ്റി ഇരകളാകാൻ പോകുന്നവർക്കുപോലും വേണ്ടത്ര ജാഗ്രതയില്ലെന്ന് സമരസമിതി നേതാവ് ടി.ടി. ഇസ്മായിൽ പറഞ്ഞു.
കുടിയൊഴിപ്പിക്കലിനപ്പുറം പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതം കടുത്തതായിരിക്കും. അതിവേഗ യാത്രക്കൊപ്പം നഗരവത്കരണവും ടൂറിസം സാധ്യതകളും ബിസിനസ് വളർച്ചയും ലക്ഷ്യമിടുന്നതാണ് പദ്ധതി. കേരളത്തിലെ ഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്) കേരള റെയില്‍ ഡെവലപ്മെൻറ് കോര്പറേഷന് (കെ-റെയില്‍) ബോര്‍ഡ് യോഗം അംഗീകരിച്ചു. അഞ്ചു വർഷംകൊണ്ട് പദ്ധതി പൂർത്തിയാവുമെന്നാണ് പറയുന്നത്.
ജില്ലതലത്തിലുള്ള ഓഫിസുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന. അതേസമയം, പദ്ധതിയെ കുറിച്ചുള്ള അന്തിമ ചിത്രം ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കാതെ പ്രവൃത്തി നടപടികൾ ആരംഭിക്കുന്നത് ആശങ്ക വർധിക്കാനും വരുംദിവസങ്ങളിൽ സമരം ശക്തമാവാനും കാരണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.