സിൽവർലൈൻ: ജില്ലയിൽ സാമൂഹികാഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം
text_fieldsകോഴിക്കോട്: ജില്ലയിൽ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാതപഠനത്തിന് കൺസൽട്ടൻസിയെ ചുമതലപ്പെടുത്തി സർക്കാർ വിജ്ഞാപനമിറങ്ങി. തിക്കോടിയിലെ വി.കെ കൺസൽട്ടൻസി സെൻററാണ് പദ്ധതിയുടെ സാമൂഹികാഘാതപഠനം നടത്തുക. 81 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഓരോ ജില്ലയിലും ഓരോ ഏജൻസികളാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്.
സാമൂഹികാഘാതപഠനത്തിന് വിജ്ഞാപനം ഇറങ്ങുന്ന എട്ടാമത്തെ ജില്ലയാണ് കോഴിക്കോട്. ടെൻഡർ വഴിയാണ് ഇതിനായി ഏജൻസികളെ തെരഞ്ഞെടുക്കുന്നത്. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിൽ ബേപ്പൂർ, ചെറുവണ്ണൂർ, കരുവൻതുരുത്തി, കസബ, നഗരം, പന്നിയങ്കര, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഇരിങ്ങൽ, മൂടാടി, പന്തലായനി, പയ്യോളി, തിക്കോടി, വിയ്യൂർ, അഴിയൂർ, ചോറോട്, നടക്കുതാഴ, ഒഞ്ചിയം, വടകര വില്ലേജുകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. 121.7723 ഭൂമിയാണ് പദ്ധതിക്ക് വേണ്ടത്.
കഴിഞ്ഞമാസമാണ് ജില്ലയിൽ കല്ലിടൽ പ്രവൃത്തി ആരംഭിച്ചത്. ഇതിനകം 134 കല്ലുകളാണ് സ്ഥാപിച്ചത്. കരുവൻതിരുത്തി വില്ലേജിൽ മാത്രമാണ് നിലവിൽ കല്ലിടൽ പൂർത്തിയായത്. ചെറുവണ്ണൂരിൽ പ്രവൃത്തി നടന്നുവരുകയാണ്. മൊത്തം 74.6 കിലോമീറ്റർ ആണ് ജില്ലയിലെ പദ്ധതി ദൂരം. കോടതി ഇടപെടലും പ്രതിഷേധവും കാരണമാണ് കല്ലിടൽ പ്രവൃത്തി വൈകുന്നത്. ചെറുവണ്ണൂരിൽ കല്ലിടലിനെതിരെ ജനകീയപ്രതിഷേധമുയർന്നിരുന്നു.
അതിനിടെ, സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ പുറത്തിറങ്ങിയതോടെ അത് പഠിച്ച് സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കെ.റെയിൽ വിരുദ്ധ സമരസമിതിയും പ്രതിപക്ഷവും. കോഴിക്കോട് നഗരത്തിൽ ഭൂഗർഭസ്റ്റേഷനാണ് സിൽവർലൈൻ പദ്ധതിക്കായി ആസൂത്രണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.