ആറാം ഗേറ്റ് അടിപ്പാതക്ക് ശിലയിട്ടു
text_fieldsകോഴിക്കോട്: ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ ആറാം ഗേറ്റ് അടിപ്പാത യാഥാർഥ്യമാവുന്നു. വെള്ളയിൽ-പണിക്കർ റോഡ് അടിപ്പാത നിർമാണത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. 14 കോടി രൂപ ചെലവിലാണ് അടിപ്പാത നിർമിക്കുക. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനായിരിക്കും നിർമാണച്ചുമതല. വെള്ളിയിൽ റെയിൽവേ ക്രോസിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ബീന ഫിലിപ്പ്, കൗൺസിലർമാരായ സൗഫിയ അനീഷ്, അൽഫോൻസ മാത്യു എന്നിവർ പങ്കെടുത്തു.
സ്ഥലം ഏറ്റെടുത്തില്ല; ശിലയിട്ടു
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാകുന്നതിനു മുമ്പേയാണ് തിരക്കുപിടിച്ച് അടിപ്പാതക്ക് ശിലയിട്ടത്. അടിപ്പാത നിർമാണത്തിനായി പണിക്കർ റോഡ്, വെള്ളയിൽ ഭാഗത്തായി 18ഓളം പേരുടെ വീടും സ്ഥലവുമാണ് നഷ്ടപ്പെടുക. ഇവരിൽനിന്ന് സമ്മതപത്രം വാങ്ങിയെങ്കിലും നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയാൽ ഉടൻ നിർമാണപ്രവർത്തനം ആരംഭിക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.
മാന്യമായ നഷ്ടപരിഹാരം വേണം
സെന്റിന് മൂന്നരലക്ഷം രൂപ നിരക്കിൽ 18 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 10 കോടി രൂപയാണ് സർക്കാർ വിലയിരുത്തിയത്. സെന്റിന് 15 ലക്ഷത്തിനു മുകളിൽ വിലയുള്ള സ്ഥലമാണ് തുച്ഛമായ വിലക്ക് ഏറ്റെടുക്കുന്നത്. രണ്ടു വർഷം മുമ്പ് സമ്മതപത്രം ഒപ്പിട്ടുനൽകിയെങ്കിലും നിരവധി തവണ അധികൃതർ എത്തി സ്ഥലം അളന്നു മടങ്ങുന്നതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായില്ല. എന്നാൽ, വീടും ഭൂമിയും നഷ്ടപ്പെടുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും മേയർ ബീന ഫിലിപ്പും അറിയിച്ചു.
നഷ്ടപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ബബിൻരാജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.