പുഴയോരം ഇടിഞ്ഞ് എസ്.കെ സ്മൃതി കേന്ദ്രവും മുളങ്കാടും തകർച്ച ഭീഷണിയിൽ
text_fieldsമുക്കം: പുഴയോരം ഇടിഞ്ഞ് എസ്.കെ.സ്മൃതി കേന്ദ്രവും റോഡും മുളങ്കാടും അപകട ഭീഷണിയിൽ.‘നാടൻ പ്രേമത്തി’ലൂടെ മുക്കത്തിന്റെ പുരാവൃത്തമെഴുതിയ ദേശത്തിന്റെ കഥാകാരന് ഇരുവഞ്ഞിയും ചെറുപുഴയും സംഗമിക്കുന്ന മുക്കം കടവിൽ 2005ലാണ് കാരശ്ശേരി പഞ്ചായത്ത് സ്മൃതി കേന്ദ്രം നിർമിച്ചത്.
ഡോ. സുകുമാർ അഴീക്കോടായിരുന്നു സ്മാരകം നാടിന് സമർപ്പിച്ചത്. കുറച്ചു കാലം നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് ഏറെക്കാലം അവഗണയിലായിരുന്നു. അടുത്ത കാലത്തായി കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല പഞ്ചായത്ത് ‘ബഹുസ്വരം’ എന്ന സാംസ്കാരിക കൂട്ടായ്മക്ക് കൈമാറിയിരുന്നു. കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സജീവമാണ്.
കാരശ്ശേരിയിൽ പുഴയോര വിനോദ സഞ്ചാരകേന്ദ്രമെന്ന നിലക്ക് ഏറെ സാധ്യതകളുള്ള ഇവിടത്തെ നവീകരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ സാംസ്കാരിക കേന്ദ്രവും ഇവിടത്തെ പ്രധാന ആകർഷണമായ മുളങ്കാടുകളും സമീപത്തെ റോഡുകളും എത് സമയത്തും പുഴയെടുക്കാവുന്ന അവസ്ഥയിലാണ്. പുഴയോരം കെട്ടി സംരക്ഷിക്കുക മാത്രമാണ് ഇതിന് പ്രതിവിധി.
അതിന് ഇറിഗേഷൻ വകുപ്പ് കനിയണം. ഇതിനായി രൂപരേഖ തയാറാക്കി ബന്ധപ്പെട്ട വകുപ്പിൽ നിന്നും നടപടി കാത്തിരിക്കുകയാണ് പഞ്ചായത്തും സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും. സ്ഥലം എം.എൽ.എ. ലിന്റോ ജോസഫ് കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചത് വികസന നടപടികൾക്ക് ആക്കം കൂട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
‘എല്ലാവരുടെയും പിന്തുണവേണം’
മനോഹരമായ തുരുത്തും മുളങ്കാടും മികച്ച പുഴയോര വിനോദ സഞ്ചാര കേന്ദ്രമാകാൻ എല്ലാവരും ഒത്തൊരുമിക്കണമെന്ന് ബഹുസ്വരം സാംസ്കാരിക കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന മുൻ പഞ്ചായത്തംഗം സലാം കാരമൂല പറഞ്ഞു. വിഷയം സ്ഥലം എം.എൽ.എയുടെയും പഞ്ചായത്തധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അവരിൽ നിന്നും മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ഇറിഗേഷൻ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി’
മുക്കം കടവിലുള്ള എസ്.കെ സ്മൃതി കേന്ദ്രത്തിന്റെ നവീകരണത്തിനായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുലക്ഷം അനുവദിച്ചതായി പ്രസിഡന്റ് വി.പി. സ്മിത. സ്മൃതി കേന്ദ്രത്തിനോട് ചേർന്നുള്ള പുഴയോരം ഇടിയുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. അടിയന്തര ഇടപെടലെന്ന നിലക്ക് തീരം കെട്ടി സംരക്ഷിക്കുന്നതിന് ഭരണസമിതി പ്രമേയം പാസാക്കി ഇറിഗേഷൻ വകുപ്പിന് അയച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പും സർക്കാറും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.