മാനാഞ്ചിറയെ കുളിരണിയിച്ച് കൊച്ചു വനം ഒരുങ്ങും
text_fieldsകോഴിക്കോട്: നഗരമധ്യത്തിൽ മാനാഞ്ചിറ സ്ക്വയറിൽ കുളിർമ തീർത്ത് ചെറുവനമൊരുക്കാൻ തീരുമാനം. സ്ക്വയറിൽ പഴയ അൻസാരി പാർക്കിലെ ഫൗണ്ടനു സമീപം ഒരു സെന്റ് സ്ഥലത്ത് മിയാവാക്കി മാതൃകയിൽ വനം നിർമിക്കാനുള്ള പദ്ധതിക്കാണ് നഗരസഭ അംഗീകാരം നൽകിയത്. തിരുവനന്തപുരം സൂര്യകാന്തി ഓഡിറ്റോറിയത്തിനു പിറകിൽ അഞ്ചു സെന്റിൽ ഒരുക്കിയ വനം ഏറെപ്പേരെ ആകർഷിക്കുന്നുണ്ട്. അവിടത്തെ വനവത്കരണത്തിന് നേതൃത്വം നൽകിയ വടകരയിൽനിന്നുള്ള സംഘത്തിന്റെ സഹായത്തോടെയാണ് കോഴിക്കോട്ടും കാട് ഒരുക്കുക.
എട്ടു മീറ്റർ നീളത്തിലും അഞ്ചു മീറ്റർ വീതിയിലും കൊച്ചുവനം, ദർശനം സാംസ്കാരികവേദി ആഭിമുഖ്യത്തിലാണ് തയാറാക്കുക. ഇതോടെ നഗരത്തിൽ രണ്ടാമത്തെ മിയാവാക്കി വനമായി മാനാഞ്ചിറയിലേത് മാറും. ഭട്ട് റോഡ് ബീച്ചിലെ ആദ്യത്തെ വനം വളർന്ന് സന്ദർശകർക്ക് കൗതുകമായി മാറിയിട്ടുണ്ട്. 2021ൽ നട്ട മരങ്ങളാണ് വളർന്നു വലുതായത്. ജപ്പാൻ സസ്യശാസ്ത്രജ്ഞൻ ഡോ. അകിര മിയാവാക്കി ആവിഷ്കരിച്ച വനവത്കരണ രീതി ലോക പ്രശസ്തമാണ്.
ബീച്ചിൽ 10 ശതമാനത്തോളം വിദേശ പഴവൃക്ഷങ്ങൾ നട്ടിട്ടുണ്ട്. രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ ജൈവവസ്തുക്കൾ ആവശ്യാനുസരണം ചേർത്ത് വളക്കൂറുള്ളതാക്കിയാണ് വനവത്കരണം. ബീച്ചിൽ 10 സെന്റിൽ 1625 സസ്യങ്ങളാണ് നട്ടത്. മാനാഞ്ചിറയിൽ 75 വൃക്ഷങ്ങൾ നടാനാണ് തീരുമാനമെന്ന് ദർശനം സാംസ്കാരികവേദി സെക്രട്ടറി എം.എ. ജോൺസൺ അറിയിച്ചു. വലിയ ഫലവൃക്ഷങ്ങളും അടിക്കാടായി ഔഷധവൃക്ഷങ്ങളും മറ്റുമാണ് നടുക. നഗരത്തിലെത്തുന്ന പക്ഷികൾക്ക് ഭക്ഷിക്കാനുതകുന്ന ഫലംകായ്ക്കുന്ന ഇനങ്ങളാവും നടുക. തൃശൂരിലെ വനഗവേഷണകേന്ദ്രത്തിൽനിന്ന് ഇതിന് യോജിച്ച വൃക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മാനാഞ്ചിറ മൈതാനമടക്കം ഭാഗങ്ങൾ പരിശോധിച്ചശേഷമാണ് കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം പഴയ ജലധാരക്കു സമീപത്തെ സ്ഥലം വനവത്കരണത്തിനായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.