പാട്ടുനഗരത്തിൽ തങ്കം റേച്ചലിന് സ്നേഹവീട്
text_fieldsകോഴിക്കോട്: വൈകിയാണെങ്കിലും തങ്കം റേച്ചലിന് പാട്ടുനഗരത്തിൽ സ്നേഹവീട്. ദുരിതങ്ങളും പ്രയാസങ്ങളും ഈ പഴയകാല പാട്ടുകാരിയുടെ ജീവിതത്തിൽ നോവിന്റെ ഈണങ്ങൾ തീർത്തിരുന്നു. ഇതറിഞ്ഞ സുമനസ്സുകളുടെ സഹായത്തോടെയാണ് കോഴിക്കോട് കാളൂർ റോഡിൽ കൊച്ചുവീട് ഒരുങ്ങിയത്. സ്വരലയ സംഗീത കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി തങ്കം റേച്ചലിന് കൈമാറി. മേയർ ഡോ. ബീന ഫിലിപ്പ്, സ്വരലയ കേരള ചാപ്റ്റർ ചെയർമാൻ ജി. രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു. എം. എസ്. ബാബുരാജ് സംഗീത സംവിധാനം നിർവഹിച്ച ഖദീജ എന്ന സിനിമയിൽ പാടിയിരുന്നു. ആറോളം സിനിമകളിൽ കോറസ് പാടുകയും ചെയ്‌തു. സ്വന്തമായി വീടില്ലാതെ വാടകവീട്ടിൽ കഴിയുകയായിരുന്നു. പയ്യാനക്കലിൽ അഴുക്കുചാലിന് സമീപം വെള്ളംകയറുന്ന വീട്ടിൽ ദുരിതത്തിൽ കഴിയുന്ന പാട്ടുകാരിയുടെ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന്, സ്വരലയ സംഗീത കൂട്ടായ്‌മയുടെ പരിപാടികളിൽ തങ്കത്തിനെ ഭാഗമാക്കി. ദുബൈയിൽ നടന്ന ചടങ്ങിൽ 'സുവർണ പ്രതിഭ' പുരസ്‌കാരം ഇവർക്ക് സമ്മാനിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തിൽ പ്രവാസികളുടെ സഹായത്തിലാണ് വീടിന് ഫണ്ട് സമാഹരിച്ചത്. ഫോക്കസ് മാൾ സി.ഇ.ഒ കെ.കെ. അബ്ദുൽ സലാം, എം ജാഫർ (കോഴിക്കോടൻസ് ബേക്കറി) എന്നിവരും സ്നേഹപദ്ധതിയുടെ ഭാഗമായി. മ്യൂസിക് ആർട്‌സ് അസോസിയേഷനും സഹകരിച്ചു. താക്കോൽദാന ചടങ്ങിൽ റേച്ചൽ തന്റെ പഴയ ഗാനം ഒരിക്കൽ കൂടി പാടി. 'അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ മണിമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..' എന്ന ഗാനം പഴയ ഊർജത്തോടെ തന്നെ പാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.