സോഷ്യൽ മീഡിയ വൈറലാക്കി, വാഴയൂരിെൻറ മിനി വാഗമണിൽ സന്ദർശക തിരക്ക്
text_fieldsപന്തീരാങ്കാവ്: കോടമഞ്ഞ് പെയ്യുന്ന നേരം വാഴയൂർ മലാട്ടുങ്ങൽ മലയിലെ മൊട്ടക്കുന്നിൽ സൂര്യകിരണങ്ങൾ തീർക്കുന്ന വിസ്മയക്കാഴ്ച കാണാൻ സന്ദർശകരുടെ തിരക്കാണിപ്പോൾ. മനം കുളിർപ്പിക്കുന്ന ഈ കാഴ്ചകൾക്ക് സമൂഹ മാധ്യമങ്ങൾ നൽകിയ മിനി വാഗമൺ എന്ന പേര് ഒട്ടും അതിശയോക്തിയല്ലെന്ന് രാവിലെയോ വൈകീട്ടോ മലാട്ടുങ്ങൽ മലയിലെത്തുന്ന ആർക്കും ബോധ്യമാവും.
സമൂഹ മാധ്യമങ്ങളും ലോക്ഡൗണും ചേർന്നാണ് വാഴയൂർ മലാട്ടുങ്ങൽ മലയുടെ വിസ്മയക്കാഴ്ചകൾ പുറം ലോകത്തെത്തിച്ചത്. പെരിങ്ങാവ് - വാഴയൂർ റോഡിൽ അധികം ആൾപാർപ്പില്ലാത്ത വിജനമായ സ്ഥലം സാമൂഹിക ദ്രോഹികൾ മാലിന്യങ്ങൾ വലിച്ചെറിയാൻ ഉപയോഗിച്ചിരുന്നതാണ്.
സമീപവാസികൾ മാത്രം വല്ലപ്പോഴും സൊറ പറഞ്ഞിരിക്കാനെത്തുന്ന ഈ മൊട്ടക്കുന്ന് സന്ദർശകരെക്കൊണ്ട് നിറഞ്ഞത് ലോക്ഡൗൺ കാലത്താണ്. അതിരാവിലെയും വൈകീട്ടും മഞ്ഞിറങ്ങുന്ന മലയിലിരുന്ന് ഉദയാസ്തമയങ്ങളുടെ സൗന്ദര്യമാസ്വദിക്കാനാണ് ആളുകളിവിടെയെത്തുന്നത്.
ലോക്ഡൗൺ കാലത്ത് മലയിലെത്തിയ പലരും ഇവിടത്തെ സുന്ദരദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെ രാമനാട്ടുകര, പുളിക്കൽ, പന്തീരാങ്കാവ്, കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ആളുകളെത്തിത്തുടങ്ങി. 10 ഏക്രയോളമുള്ള സ്ഥലത്ത് ഇരുന്ന് ആസ്വദിക്കാൻ ചെറിയ പാറക്കെട്ടുകളുമുണ്ട്. ശനിയും ഞായറുമുൾെപ്പടെ അവധി ദിവസങ്ങളിലാണ് വലിയതോതിൽ സന്ദർശകരെത്തുന്നത്. അല്ലാത്ത ദിവസങ്ങളിലും ആളുകളുണ്ട്.
വാഴയൂർ, ചെറുകാവ്, പെരിങ്ങാവ് പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്വകാര്യ സ്കൂളിനോട് ചേർന്ന ഈ സ്ഥലം ഹൊറിസോൺ ഹിൽ എന്നും അറിയപ്പെടുന്നുണ്ട്. സന്ദർശകർ എത്തിത്തുടങ്ങിയതോടെ മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ഈ പ്രദേശത്തെ ഉപേക്ഷിച്ചിട്ടുണ്ട്.
മാത്രമല്ല, സന്ദർശകരെ പ്രതീക്ഷിച്ചെത്തുന്ന ചായ വിൽപനക്കാരും തിരിച്ചുപോവുമ്പോൾ ഇവിടെ വീണുകിടക്കുന്ന കപ്പുകളും മറ്റും ശേഖരിച്ച് വൃത്തി നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. രാമനാട്ടുകര -കൊണ്ടോട്ടി റോഡിൽ പതിനൊന്നാം മൈലിൽനിന്ന് വാഴയൂർ റോഡിൽ ആറ് കിലോമീറ്റർ യാത്ര ചെയ്താൽ മലാട്ടുങ്ങൽ മലയിലെത്താം. അഴിഞ്ഞിലം- കക്കോവ് റോഡിൽനിന്ന് കോട്ടുപാടം -പെരിങ്ങാവ് റോഡ് വഴിയും ഇവിടെയെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.