വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന് കാരണം സോയിൽ പൈപ്പിങ്
text_fieldsകോഴിക്കോട്: പോലൂരിലെ വീട്ടിൽ അജ്ഞാതശബ്ദം കേൾക്കുന്നതിന് കാരണം സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്). സ്ഥലത്ത് നാഷനൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിെൻറ സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. വീട് നിൽക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകൾ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചു.
ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്താണോ വീടിെൻറ നിർമാണം എന്നും പരിശോധിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ജി. ശങ്കറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ഥലം എം.എൽ.എയും വനം മന്ത്രിയുമായ എ.കെ. ശശീന്ദ്രെൻറ നിർദേശത്തെത്തുടർന്നാണ് റവന്യൂ മന്ത്രി കെ. രാജൻ വിദഗ്ധ സംഘത്തെ അയച്ചത്. സംസ്ഥാന എമര്‍ജന്‍സി ഓപറേഷന് സെൻററിലെ ഹസാര്‍ഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, ജിയോളജി ഹസാര്‍ഡ് അനലിസ്റ്റ് ആർ.എസ്. അജിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുഴക്കത്തിെൻറ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണ്.
വീട് നിൽക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്നും പുറത്ത് വിടുന്ന മർദം, ഖനനം തുടങ്ങിയവയാണ് ശബ്ദം കേൾക്കാനുള്ള മറ്റ് കാരണങ്ങളായി കണക്കാക്കുന്നത്. എന്നാൽ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ക്വാറികൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലൂര് ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിെൻറ വീട്ടിലാണ് രണ്ടാഴ്ചയിലധികമായി മുഴക്കം കേള്‍ക്കുന്നത്. ഫയര്‍ഫോഴ്സും ജിയോളജി ഉദ്യോഗസ്ഥരും നേരത്തെ പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.