സമൂഹമാധ്യമ വേട്ട: പൊലീസിന്റെ സംഘ് വിധേയത്വത്തിനെതിരെ പ്രതിഷേധം
text_fieldsകോഴിക്കോട്: പൊലീസിന്റെ സംഘ്പരിവാർ വിധേയത്വത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
സമൂഹ മാധ്യമങ്ങളിൽ ആർ.എസ്.എസിനെ വിമർശിക്കുന്നവരെ പൊലീസ് തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. 90 പേർക്കെതിരെ നിലവിൽ കേസ് എടുത്തിട്ടുണ്ട്. പലരും റിമാൻഡിലാണ്. ആരുടെയും പരാതിയില്ലാതെയാണ് സൈബർ പൊലീസ് കേസെടുക്കുന്നത്. ആർ.എസ്.എസിനെ വിമർശിക്കുന്നതിനെതിരെ കലാപാഹ്വാനത്തിനും മതസൗഹാർദം തകർക്കുന്നതിനെതിരെയുമുള്ള വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുക്കുന്നത് പൊലീസിന്റെ സംഘ്പരിവാർ അടിമത്തംമൂലമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോലും വിമർശിക്കുമാറ് പൊലീസ് അധഃപതിച്ചതായും 'ബുള്ളി ബായ്' ആപ്പിനെതിരെ പരാതി നൽകാനെത്തിയ മുസ്ലിം പെൺകുട്ടികളായ ഇരകളെ കേൾക്കാൻപോലും മുഖ്യമന്ത്രി തയാറാകാതിരുന്നത് അപലപനീയമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ആർ.എസ്.എസിനെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചതിന്റെ പേരിൽ കേസുകൾ ചാർജ് ചെയ്യപ്പെട്ടവർക്ക് നിയമസഹായം നൽകുമെന്നും സംഘാടകർ അറിയിച്ചു. ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, സെക്രട്ടറി അമീർ കൊയിലാണ്ടി, ഏരിയ പ്രസിഡന്റ് മുസ്തഫ ഷമീം കരുവമ്പൊയിൽ, യു.കെ. ശബീർ, അമീൻ, എൻ.പി. അംജദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.