രാമനാട്ടുകരയിൽ സ്പെയർ പാർട്സ് കട കത്തിച്ചാമ്പലായി: നഷ്ടം 30 ലക്ഷം
text_fieldsരാമനാട്ടുകര: ഹെവി വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ വിൽക്കുന്ന കടയിൽ വൻ തീപിടിത്തം. ദേശീയപാതയിൽ രാമനാട്ടുകര കണ്ടായി പെട്രോൾ പമ്പിനു സമീപമുള്ള ഓട്ടോ വിൻ സ്പെയേർസ് കടക്ക് ബുധനാഴ്ച രാത്രി ഏഴുമണിക്ക് ശേഷമായിരുന്നു തീ പിടിച്ചത്. കടയുടമ ഇന്ദ്രപ്രസാദ് കട അടച്ചു മടങ്ങിയതിനു ശേഷമായിരുന്നു നഗരത്തെ ഞെട്ടിച്ച തീപിടിത്തം.
കടക്കുള്ളിൽ തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അഗ്നിരക്ഷസേനയെ വിവരമറിയിച്ചത്. ഇതിന് അടുത്ത റൂമിൽ എൽ.പി.ജി സിലിണ്ടർ ഉണ്ടായിരുന്നു. അത് ഉടൻ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. ഹെവി മോട്ടോർ വെഹിക്കിൾസുമായി ബന്ധപ്പെട്ട് വിൽപനക്കുവെച്ചിരുന്ന 30 ലക്ഷത്തോളം രൂപയുടെ പാർട്സുകൾ പൂർണമായും കത്തിയമർന്നു. പി.എം. അബ്ദുൽ അലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ റോഡിനഭിമുഖമായി നിൽക്കുന്ന വ്യാപാര സ്ഥാപനമായിരുന്നു ഇത്.
മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി.കെ. പ്രമോദ്, അസി.സ്റ്റേഷൻ ഓഫിസർ ഗ്രേഡ് ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. കടയിലെ മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായതിനാൽ പ്രവർത്തനങ്ങൾക്ക് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായവും വേണ്ടി വന്നു. കടയുടമ ഫറോക്ക് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.