'ദൈവം ഭൂമിയിലേക്കയച്ച ചാരൻ'
text_fieldsകോഴിക്കോട്: 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാമറയുമായി ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ഒരു ചാരനുണ്ട്. പേര്: പുനലൂർ രാജൻ'- എം.ടി വാസുദേവൻ നായർ എഴുതിയ ഈ വരികളിൽ പുനലൂർ രാജൻ എന്ന അതുല്യ പ്രതിഭയുടെ സകല ബയോഡാറ്റയുമുണ്ട്. കൊല്ലത്ത് നിന്ന് കോഴിക്കോട്ടെത്തി സാമൂഹിക, സാഹിത്യ ചരിത്രത്തിലെ അപൂർവ നിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറായിരുന്നു ശനിയാഴ്ച പുലർച്ചെ മരിച്ച പുനലൂർ രാജൻ.
57 വർഷം കോഴിക്കോട്ട് ജീവിച്ച ഇദ്ദേഹത്തിെൻറ കാമറയിൽ നിരവധി സാഹിത്യപ്രമുഖരുടെ ചിത്രങ്ങൾ പിറവിയെടുത്തിരുന്നു. വൈക്കം മുഹമ്മദ് ബഷീറിെൻറ അപൂർവ ചിത്രങ്ങൾ മലയാളക്കരക്ക് സമ്മാനിച്ചത് പുനലൂർ രാജനായിരുന്നു. തകഴി ശിവശങ്കരപിള്ള, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി വാസുദേവൻ നായർ, വി.കെ.എൻ, മാധവിക്കുട്ടി... എണ്ണിയാലൊടുങ്ങാത്ത സാഹിത്യരാജാക്കന്മാരുടെയും റാണിമാരുടെയും അപൂർവ നിമിഷങ്ങൾ രാജെൻറ സംഭാവനയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരായ പി.സി. ജോഷി, എസ്.എ. ഡാങ്കെ, ഇം.എം.എസ്, സി. രാജേശ്വര റാവു, എം.എൻ. ഗോവിന്ദൻ നായർ, സി. അച്യുത മേനോൻ എന്നിവരും രാജെൻറ കാമറയിൽ 'കാഥാപാത്ര'ങ്ങളായി.
1972ൽ ഇന്ദിര ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ കണ്ണൂരിൽ പോയി ഫോട്ടോയെടുത്തു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ 1963ൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി േജാലികിട്ടിയാണ് രാജൻ കോഴിക്കോടൻ മണ്ണിലെത്തുന്നത്. ബഷീറിെൻറ പതിനായിരത്തോളം ഫോട്ടോകൾ എടുത്തിരുന്നതായി രാജൻ പറഞ്ഞിരുന്നു. ബഷീറിെൻറ പുസ്തകങ്ങളുടെ കവറിലും രാജെൻറ ചിത്രങ്ങൾ തിളങ്ങിനിന്നു. എസ്.കെ. പൊറ്റെക്കാട്ടിന് ജ്ഞാനപീഠ പുരസ്കാരം കിട്ടിയപ്പോഴും ചിത്രം പകർത്തി. എം.ടി. വാസുദേവൻ നായരും ബഷീറും പഞ്ചഗുസ്തി പിടിക്കുന്ന പടവും സൂപ്പർ ഹിറ്റായി. 'ജനയുഗം' വാരികയിൽ കവർ ചിത്രമായി അച്ചടിച്ചുവന്ന മാധവിക്കുട്ടിയുടെ മനോഹര ചിത്രവും പുനലൂർരാജെൻറ വകയായിരുന്നു.
കാലിക്കറ്റ് സർവകലാശാല ലൈബ്രറി ഹാളിൽ െവച്ച് 1981 ഒക്ടോബർ 28ന് എടുത്ത ചിത്രമായിരുന്നു രാജനെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത്. ശക്തി അവാർഡ്ദാന ചടങ്ങിൽ സംസാരിച്ച ഡോ. കെ.എൻ. എഴുത്തച്ഛെൻറ പടമായിരുന്നു അത്. ആ ചടങ്ങിൽ എഴുത്തച്ഛൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പലേപ്പാഴും ഷർട്ട് പോലുമിടാതെ, മേൽമുണ്ടിെൻറ 'ആഡംബരം' ഇഷ്ടപ്പെട്ട തകഴി കോട്ടും സ്യൂട്ടുമണിഞ്ഞ് രാജെൻറ കാമറക്ക് മുന്നിലെത്തിയത് അങ്ങകലെ റഷ്യയിൽ വെച്ചായിരുന്നു. അതും അപൂർവ ചിത്രമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.