രക്തജന്യ രോഗികൾക്ക് പ്രത്യേക ചികിത്സകേന്ദ്രമൊരുങ്ങുന്നു
text_fieldsകോഴിക്കോട്്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ, ആലുവ, മാനന്തവാടി ജില്ല ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രത്യേക ചികിത്സകേന്ദ്രങ്ങൾകോഴിക്കോട്: തലാസീമിയ, ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ പോലുള്ള മാരക രക്തജന്യ രോഗികൾക്ക് പ്രത്യേക ചികിത്സകേന്ദ്രങ്ങൾ ഒരുങ്ങുന്നു. എല്ലാ വിഭാഗം രക്തജന്യ രോഗികളെയും ഒരു കുടക്കീഴിൽ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ രോഗികൾക്ക് ചികിത്സ സമ്പൂർണമായും സൗജന്യമായിരിക്കും. കോഴിക്കോട് മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ്, ആലുവ ജില്ല ആശുപത്രി, മാനന്തവാടി ജില്ല ആശുപത്രി എന്നീ നാല് ആശുപത്രികളിലാണ് പ്രത്യേക ചികിത്സകേന്ദ്രങ്ങൾ തുടങ്ങുക. തിരുവനന്തപുരത്ത് കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു.
എല്ലാ ജില്ലകളിലും ഹീമോഫീലിയ ട്രീറ്റ്മെൻറ് സെൻററും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൗകര്യവും ഏർപെടുത്തും. ട്രീറ്റ്മെൻറ് സെൻററിലേക്ക് എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട്ട് രക്തപരിശോധനക്കുള്ള യന്ത്രം എത്തിയിട്ടുണ്ടെന്ന് നോഡൽ ഓഫിസർ ഡോ. അബ്ദുൽ മജീദ് പറഞ്ഞു. മറ്റ് നടപടിക്രമങ്ങൾ ആയിവരുന്നേയുള്ളൂ. പ്രായഭേദമന്യേ ജീവൻ രക്ഷാമരുന്നുകളും ബ്ലഡ് ഫിൽട്ടർ സെറ്റുകളും ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കും.
നിലവിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമായിരുന്നു മരുന്നും മറ്റ് ചികിത്സാ സഹായങ്ങളും സൗജന്യമായി ലഭിച്ചിരുന്നത്. അതുതന്നെ പല ആശുപത്രികളിലും ഉണ്ടാകാറുമില്ല. പ്രായഭേദമന്യേ എല്ലാ രക്തജന്യ രോഗികൾക്കും ചികിത്സ സൗജന്യമാക്കുന്നതും പരിശോധനകേന്ദ്രങ്ങളും രക്തം മാറ്റുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നതും രോഗികൾക്ക് ആശ്വാസം പകരും.
സംസ്ഥാന സർക്കാറിെൻറ നേതൃത്വത്തിൽ ദേശീയാരോഗ്യ ദൗത്യത്തിൻ കീഴിൽ സ്റ്റേറ്റ് ബ്ലഡ് സെൽ ആണ് പദ്ധതി നടപ്പാക്കുന്നത്. തലാസീമിയ, സിക്കിൾ സെൽ അനീമിയ രോഗങ്ങളോടെയുള്ള ശിശുജനനങ്ങൾ സമ്പൂർണമായും തടയാനും ഹീമോഫീലിയ രോഗം നിയന്ത്രണവിധേയമാക്കാനും നടപടിയുണ്ടാവും.
മൂന്നു വർഷം മുമ്പുതന്നെ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ ആലോചിച്ചിരുന്നു. രക്തജന്യ രോഗികൾക്ക് സൗജന്യ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാനുള്ള സർക്കാർ പദ്ധതി പ്രതീക്ഷ നൽകുന്നതാണെന്ന് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.