മായമില്ല, 'സ്പൈസറി'യിൽ മൂല്യം മാത്രം
text_fieldsകോഴിക്കോട്: കർഷകർക്ക് സുഗന്ധവിളകളുടെ ന്യായവില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് ന്യായമായ വിലക്ക് മായം ചേർക്കാത്ത സുഗന്ധവ്യഞ്ജനങ്ങളും മൂല്യവർദ്ധിത ഉൽപന്നങ്ങളും നൽകാനുമുള്ള സ്പൈസറി ശ്രദ്ധ നേടുന്നു. ചെലവൂരിലെ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.സി.എ.ആർ. -ഐ.ഐ.എസ്.ആർ.) ആവിഷ്കരിച്ച വിൽപനകേന്ദ്രമായ സ്പൈസറി കർഷകർക്കും സംരംഭകർക്കും ഒരുപോലെ കൈത്താങ്ങാവുകയാണ്. വിൽപനകേന്ദ്രം എന്നതിലുപരി കർഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ഇടയിൽ ഒരുകണ്ണിയായി പ്രവർത്തിച്ച് കർഷകർക്ക് മികച്ചവിലയും ഉറപ്പുവരുത്തുന്നു.
ഐ.ഐ.എസ്.ആറിെൻറ സേവനങ്ങളും ഉൽപന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന ഏകജാലക സംവിധാനമായാണ് സ്പൈസറി പ്രവർത്തിക്കുന്നതെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് ജെ. ഈപ്പൻ പറഞ്ഞു. 25ലേറെ സ്റ്റാർട്ടപ്പുകളും നിരവധി കർഷകരും സ്പൈസറിയുടെ ഗുണഭോക്താക്കളാണ്. മസാലപ്പൊടികൾ, സൗന്ദര്യ വർധകവസ്തുക്കൾ, ഹെൽത്ത് ആൻഡ് വെൽനെസ് ഉൽപന്നങ്ങൾ ഉൾപ്പെടെ ഇവിടെ കിട്ടും. ഗുണനിലവാരമുള്ള നടീൽ വസ്തുക്കളും ജൈവകൃഷിക്ക് സഹായകമായ സൂക്ഷ്മാണു മിശ്രിതവും ലഭ്യമാക്കുന്നു.
കർഷകരെ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിച്ച് മികച്ച വില ഉറപ്പുവരുത്താൻ സ്പൈസറിക്കു സാധിക്കുന്നു. വിപണികളിലുള്ള ആവശ്യകതയെ യുവസംരംഭകർക്കുള്ള മികച്ച അവസരമാക്കിമാറ്റാനുള്ള നടപടികൾക്കാണ് സ്പൈസറി പ്രാമുഖ്യം നൽകുന്നത്. കൃഷിരീതികൾ, ഉത്പന്ന നിർമാണം, പാക്കിങ് എന്നിങ്ങനെ എല്ലാ മേഖലകളുടെയും നിലവാരം സാങ്കേതികസഹായത്തിലൂടെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടീൽ വസ്തുക്കളുടെ സാക്ഷ്യപ്പെടുത്തലും സ്പൈസറി നടത്തുന്നു. മിൽമയുമായി ചേർന്നും പുതിയ പദ്ധതികൾക്ക് ഐ.ഐ.എസ്.ആർ രൂപം നൽകുന്നുണ്ട്. സുഗന്ധവിള ഉത്പന്നങ്ങളുടെ വിപണനം, സംയോജിത ഗവേഷണം, സംരംഭകത്വ വികസനം എന്നിവയാണ് പ്രധാന പദ്ധതികൾ. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ബുധനാഴ്ച ഒപ്പുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.