സ്പോർട്സ് ഹോസ്റ്റൽ പ്രവേശന ട്രയൽസിന് തിക്കും തിരക്കും
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റൽ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽസിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടന്ന മേഖല സെലക്ഷനാണ് കുട്ടികളെയും കൂടെവന്ന രക്ഷിതാക്കളെയും വലച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെയും മലപ്പുറം ജില്ലയുടെ ചില മേഖലകളിലെയും കുട്ടികൾക്കായാണ് വിവിധ കായിക ഇനങ്ങളുെട സെലക്ഷൻ ട്രയൽസ് നടത്തിയത്.
ആയിരത്തിലേറെ കുട്ടികളും ഒപ്പം രക്ഷിതാക്കളും എത്തിയതോടെ മെഡിക്കൽ കോളജ് ഗ്രൗണ്ട് പരിസരം തിരക്കിലമർന്നു. മഴ പെയ്തപ്പോൾ പലരും ഒരുമിച്ച് കൂടിനിന്നതും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനിടയാക്കി. ഒടുവിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള കുട്ടികളുടെ സെലക്ഷൻ മറ്റൊരു ദിവസം നടത്താമെന്ന് സംഘാടകർ അറിയിച്ചു. കായികമന്ത്രിയുടെ ഓഫിസടക്കം ഇടപെട്ടാണ് ഒരുവിഭാഗം കുട്ടികളുടെ സെലക്ഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.
എന്നാൽ, അതിരാവിലെ ഏറെ ബുദ്ധിമുട്ടിയെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ തീരുമാനവും തിരിച്ചടിയായി. സാമ്പത്തികനഷ്ടമടക്കം ഏറെ ബുദ്ധിമുട്ടുണ്ടായെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. കൃത്യമായ ക്രമീകരണം നടത്താതെയായിരുന്നു ട്രയൽസ്. ഒരു ദിവസംകൊണ്ട് തന്നെ ചടങ്ങ് തീർക്കുന്നതുപോലെ നടത്തിയതാണ് തിരക്കിന് കാരണമായത്. പെരുമഴയത്ത് കഴിവിനനുസരിച്ചുള്ള പ്രകടനം കുട്ടികൾക്ക് പുറത്തെടുക്കാനുമായില്ല.
ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, ഒന്നാം വർഷ ബിരുദ ക്ലാസുകളിലേക്കുമുള്ള പ്രവേശനമാണ് നടക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ നേരിട്ടാണ് ട്രയൽസിന് നേതൃത്വം നൽകുന്നതെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ പറഞ്ഞു. രക്ഷിതാക്കൾ കൂട്ടംകൂടിനിന്നതും തിരക്കിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് ഭീതിയിൽ സ്കൂളുകൾ അടച്ചിട്ടസമയത്ത് ഹോസ്റ്റൽ പ്രവേശനത്തിനായുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ തീരുമാനത്തിൽ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ജില്ലതല ട്രയൽസിലും കുട്ടികളുടെ തിരക്കുണ്ടായിരുന്നു. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ പെരുമഴയത്ത് ചളിയിൽ കുളിച്ചായിരുന്നു ട്രയൽസ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.