പരീക്ഷഹാളിൽ തിരതല്ലിയത് കൂട്ടുകാരന്റെ ഓർമകൾ
text_fieldsപരീക്ഷഹാളിൽ ഒഴിഞ്ഞുകിടന്ന ശ്രീദേവിന്റെ ഇരിപ്പിടം
എലത്തൂർ: വാർഷിക പരീക്ഷയെഴുതാൻ എത്തേണ്ട ശ്രീദേവ് എത്തിയത് വെള്ളയിൽ പൊതിഞ്ഞ് ചേതനയറ്റ ശരീരവുമായി. ബുധനാഴ്ച വൈകീട്ട് ചെട്ടിക്കുളത്ത് കൂട്ടുകാരായ രണ്ടു പേർക്കൊപ്പം കടലിൽ കളിച്ചുകൊണ്ടിരിക്കെ മുങ്ങിമരിച്ച ഒമ്പതാം ക്ലാസുകാരനായ ശ്രീദേവിന്റെ മൃതദേഹം അവൻ പഠിക്കുന്ന എലത്തൂർ സി.എം.സി സ്കൂളിലെത്തിച്ചപ്പോൾ സഹപാഠികൾ പരീക്ഷഹാളിലായിരുന്നു. ദുഃഖത്താൽ മനസ്സുപതറിയ കൂട്ടുകാർക്ക് പരീക്ഷയെഴുതാൻ തോന്നിയില്ലെങ്കിലും വാർഷിക പരീക്ഷയായതിനാൽ ഹാളിൽ ഹാജരാകുകമാത്രമായിരുന്നു. പരീക്ഷക്ക് പഠിച്ചതൊന്നും ഓർമയിൽ തെളിയാതെ, മനസ്സിലേക്ക് കടന്നുവന്നതെല്ലാം കൂട്ടുകാരന്റെ ഓർമകളായിരുന്നു.
ശ്രീദേവ് പരീക്ഷയെഴുതേണ്ട ബെഞ്ചിലെ ഇടം ഒഴിഞ്ഞുകിടക്കുന്നതും നോക്കിയിരിപ്പായിരുന്നു കൂട്ടുകാർ. പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകൻ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതു കണ്ട് ആരാണ് ലീവായതെന്നറിയാതെ ചോദിച്ചുപോയത് പരീക്ഷഹാളിലിരുന്നവരുടെ ദുഃഖം ഇരട്ടിയാക്കി. കടലിൽ കാണാതായ വിവരം അറിഞ്ഞതു മുതൽ പല വിദ്യാർഥികളും പരീക്ഷക്കാര്യം മറന്നു. പരീക്ഷഹാളിൽനിന്നിറങ്ങി കൂട്ടുകാർ പോയത് തോൾ പിടിച്ചുനടന്ന കൂട്ടുകാരനെ യാത്രയാക്കാൻ പുതിയാപ്പ അരയസമാജം ശ്മശാനത്തിലേക്കായിരുന്നു. എൻ.സി.സി ആർമി കാഡറ്റായ ശ്രീദേവ് ഓടിനടന്ന സ്കൂൾ മുറ്റത്തേക്ക് മൃതദേഹവും വഹിച്ച ആംബുലൻസ് എത്തിയതോടെ പല വിദ്യാർഥികളുടെയും കണ്ണുനിറഞ്ഞിരുന്നു. പലരും പ്രിയ കൂട്ടുകാരന്റെ മുഖം കണ്ട് ദുഃഖം താങ്ങാനാവാതെ വാവിട്ടുകരഞ്ഞു.
സ്കൂളിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ സി.എം.സി ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ. ജയന്തി, മാനേജർ സി.എം. രാജൻ, പി.ടി.എ പ്രസിഡന്റ് വി. ബൈജു, സ്റ്റാഫ് സെക്രട്ടറി ടി. രഞ്ജിത്ത്, ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി. ഗീത, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എ. പ്രമീള, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, വ്യാപാരികൾ, ഓട്ടോഡ്രൈവേഴ്സ് എന്നിവർ അന്തിമോപചാരമർപ്പിച്ചു. എൻ.സി.സി 30 കേരള ബറ്റാലിയൻ കോഴിക്കോട് യൂനിറ്റിനെ പ്രതിനിധാനംചെയ്ത് ഹവിൽദാർ വർഗീസ്, ഹവിൽദാർ അർജുൻ ഥാപ്പ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.