പ്രായം അക്കം മാത്രം; ശ്രീധരൻ മാസ്റ്റർ 75ാം വയസ്സിൽ അഭിഭാഷകൻ
text_fieldsനന്മണ്ട: പ്രായമെന്നത് പഠന കാര്യത്തിൽ വെറും അക്കം മാത്രമാക്കി പുന്നശ്ശേരിയിലെ ആയേടത്ത് ശ്രീധരൻ മാസ്റ്റർ എന്ന റിട്ട. അധ്യാപകൻ. 75ാം വയസ്സിൽ എൽഎൽ.ബി പഠനം പൂർത്തിയാക്കി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ഇദ്ദേഹം. നോളജ് സിറ്റിയിലെ മർക്കസ് ലോ കോളജിൽ നിന്നാണ് നിയമബിരുദം നേടിയത്. എൽഎൽ.ബി ബിരുദദാന ചടങ്ങ് കഴിഞ്ഞദിവസം നടന്നു. അടുത്തയാഴ്ച ഹൈകോടതിയിൽ എൻറോൾമെന്റ് നടപടി പൂർത്തിയാക്കും.
താൻ ഇടപെടുന്ന സമൂഹത്തിന് നിയമസാക്ഷരത നൽകുക എന്നതാണ് നിയമപഠനത്തിലൂടെ ശ്രീധരൻ മാസ്റ്റർ ലക്ഷ്യമിടുന്നത്. പ്രയാസമനുഭവിക്കുന്നവർക്കും സ്ത്രീകൾക്കും ഉൾപ്പെടെ കൈയെത്തും ദൂരത്ത് നിയമസഹായം ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമം വിഷയത്തിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യൂനിഫോം ധരിച്ച് പുസ്തകങ്ങളുമായി ക്ലാസ് മുറിയിൽ എത്തുന്ന ശ്രീധരൻ മാസ്റ്റർ വിദ്യാർഥി എന്ന തന്നിലെ ഉത്തരവാദിത്തം മുറ തെറ്റാതെ നിറവേറ്റിയിരുന്നതായി സഹപാഠികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
36 വർഷത്തെ സർവിസിനു ശേഷം കുട്ടമ്പൂർ ഹൈസ്കൂളിൽ നിന്നാണ് ശ്രീധരൻ മാസ്റ്റർ വിരമിച്ചത്. പിന്നീട് കെ.എം.സി.ടി, കൊളത്തറ ടീച്ചർ ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. നിലവിൽ ബി.എഡ് കോളജിലെ ജോലിയിൽനിന്ന് അവധിയെടുത്താണ് നിയമപഠനം നടത്തിയത്.
1988ൽ മൈസൂരു ജെ.എസ്.എസ് കോളജിൽനിന്ന് എൽഎൽ.ബി നേടിയിരുന്നു. എന്നാൽ, പഠനമേഖല പരിഷ്കരിക്കുകയും പുതിയ അറിവ് നേടാനുമാണ് വീണ്ടും നിയമ പഠനം നടത്തിയത്. ഈയടുത്തായി പ്ലസ് ടു സയൻസ് വിഭാഗം പരീക്ഷ എൻ.ഐ.ഒ.എസിലൂടെ വിജയിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദം, എം.എഡ് എന്നിങ്ങനെ നീളുന്നതാണ് ശ്രീധരൻ മാസ്റ്ററുടെ നേട്ടങ്ങൾ. നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക, സാംസ്കാരിക മേഖലയിലും സജീവമാണ്. മദ്യനിരോധന സമിതി ജില്ല പ്രസിഡൻറ് കൂടിയാണ് ശ്രീധരൻ മാസ്റ്റർ. ഹൈസ്കൂൾ അധ്യാപികയായിരുന്ന ഭാര്യ രാധ, മക്കളായ ആർ.എസ്. വരുൺ, വാണിശ്രീ, മരുമകൾ ഭവ്യ, പേരക്കുട്ടി അമൻ ഭഗത്ത് എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.