നടന്ന് വിജയംനേടിയ ശ്രീനന്ദനയെ ദൂരംകുറഞ്ഞ സർട്ടിഫിക്കറ്റ് നൽകി സംഘാടകർ പറ്റിച്ചു
text_fieldsകോഴിക്കോട്: അഞ്ചുകിലോമീറ്റർ സീനിയർ ഗേൾസ് നടത്ത മത്സരത്തിൽ സ്വർണം നേടിയ ടി.പി. ശ്രീനന്ദനയെ സംഘാടകർ മൂന്നുകിലോമീറ്ററിന്റെ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു.
ആർ.ഇ.സി.ജി.എച്ച്.എസ്.എസ് വിദ്യാർഥിനിയായ ശ്രീനന്ദന അഞ്ചു കി.മീ. മത്സരത്തിലാണ് പങ്കെടുത്ത് വിജയിച്ചത്. എന്നാൽ, സർട്ടിഫിക്കറ്റ് നൽകിയപ്പോൾ അത് മൂന്ന് കിലോമീറ്ററിൽ സ്വർണം എന്നായി. സംഘാടകരെ അറിയിച്ചെങ്കിലും ഐ.ടി സെല്ലിൽ സംഭവിച്ച അപാകതയാണെന്നും കോഡ് അടിക്കുമ്പോൾ യഥാവിധിയിലാണ് പ്രിന്റ് വരുന്നതെന്നുമാണ് അറിയിച്ചത്.
സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും സർട്ടിഫിക്കറ്റ് മാറ്റിനൽകാൻ നടപടികൾ ആവശ്യപ്പെടുമെന്നും സംഘാടകർ അറിയിച്ചു. ഉപജില്ല മത്സരത്തിൽ പങ്കെടുക്കാൻ ശ്രീനന്ദന വയർ സംബന്ധമായ ശസ്ത്രക്രിയപോലും മാറ്റിവെച്ചിരുന്നു. ഉപജില്ല കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്.
വിശ്രമംപോലും എടുക്കാതെയും അവശത പൂർണമായും മാറാതെയുമാണ് ജില്ല മേളക്ക് പങ്കെടുത്തത്. ദേവഗിരി കോളജ് ഗ്രൗണ്ടിൽ പി.ടി. ഹരിദാസന്റെ കീഴിലാണ് നടത്തപരിശീലനം. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മൂന്നു കി.മീ. നടത്തമത്സരത്തിൽ ആർ.ഇ.സി ജി.എച്ച്.എസ്.എസിലെതന്നെ പി.പി. ആദിത്യക്കാണ് സ്വർണം.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആദിത്യയും പി.ടി. ഹരിദാസിന്റെ കീഴിലാണ് പരിശീലനം. ജൂനിയർ ബോയ്സ് ആൺകുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തിൽ സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയലിലെ എട്ടാം ക്ലാസ് വിദ്യാർഥി ആദിത്ത് വി. അനിലിനാണ് സ്വർണം.
ഈ മത്സരത്തിൽ വെള്ളി ആർ.ഇ.സി വി.എച്ച്.എസ്.ഇ പ്ലസ്‍ വൺ വിദ്യാർഥി എൻ.എം. ആദിത്തിനാണ്. രണ്ടുമാസംകൊണ്ടാണ് മത്സരത്തിൽ പരീക്ഷണത്തിനിറങ്ങിയത്. പി.ടി. ഹരിദാസ് തന്നെയാണ് പരിശീലിപ്പിക്കുന്നത്. ആദിത്തുമാരുടെ വിജയദിവസമായിരുന്നു മേളയുടെ രണ്ടാംദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.