കണ്ണീരുപ്പ് നനഞ്ഞ് അരങ്ങുജീവിതം
text_fieldsകോഴിക്കോട്: അരങ്ങിൽ ആടിത്തിമിർക്കുന്ന കലാകാരന്മാരുടെ ജീവിതത്തിന് കണ്ണീരുപ്പിെൻറ രുചി. കലക്കായി മാറ്റിവെച്ച ജീവിതത്തിൽ കഷ്ടപ്പാടുകൾ നിറയുമ്പോഴും ആത്മാഭിമാനംകൊണ്ട് മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടാൻ മടിച്ച് ജീവിതമെന്ന അരങ്ങിൽ അഭിനയിച്ചു തകർക്കുകയാണ് പലരും. കലയുടെയും കലാകാരന്മാരുടെയും നാട്, കല മറന്നിട്ട് ഒന്നര വർഷമാകുന്നു. കോവിഡ് ആദ്യഘട്ടം മുതൽ ഇന്നുവരെ പിഴച്ച താളവുമായാണ് കലാകാരന്മാർ ജീവിതം തള്ളിനീക്കുന്നത്.
പാട്ട്, നൃത്തം, മേക്കപ്പ് , മിമിക്രി, വാദ്യ കലാകാരന്മാർ, ക്ഷേത്രകലകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം കലാകാരന്മാർ ഉണ്ട്. എന്നും കലയെ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാരെ ആദരിക്കുകയും ചെയ്തിരുന്ന നാട്ടിൽ കലാപരിപാടികൾ തന്നെ ഇല്ലാതായി. കല എന്നത് സിനിമ മാത്രമല്ല, തെരുവ് സർക്കസും നാടകവും കല്യാണവീട്ടിലെ ഗാനമേളയും ഉൾപ്പെടെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. ആളുകൾ പുറത്തിറങ്ങാതാവുകയും പൊതുപരിപാടികൾ നിലക്കുകയും ചെയ്തതോടെ ഇത്തരം അടിസ്ഥാന വർഗക്കാരായ കലാകാരന്മാരുടെ കഞ്ഞികുടിയാണ് നിലച്ചത്. പലരും മിഥ്യാഭിമാനം മൂലം പുറത്തു പറയുന്നില്ലെന്ന് മാത്രം.
കൈയിലുള്ള വാദ്യോപകരണങ്ങൾ വിറ്റും പണയപ്പെടുത്തിയുമെല്ലാം ജീവിതം തുഴഞ്ഞ് തളർന്നിരിക്കുകയാണ്. കുറച്ചുപേർ കലയെല്ലാം മറന്ന് മറ്റു ജോലികൾ അന്വേഷിച്ചുതുടങ്ങി. വീട്ടുജോലിക്ക് പോവുകയാണ് ഒരു ഡാൻസ് ടീച്ചർ.
സ്കൂൾ കലോത്സവങ്ങൾക്ക് നൃത്തം പഠിപ്പിച്ച് വരുമാനം കണ്ടെത്തിയായിരുന്നു അവർ ജീവിച്ചിരുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന മോഹൻദാസ് ആയുർവേദ മരുന്ന് നിർമിക്കുന്ന യൂനിറ്റിൽ സഹായിയായി പോവുകയാണിപ്പോൾ. പലചരക്ക് കടകളിൽ സഹായിയായും പെട്രോൾ പമ്പിൽ ജോലിക്ക് നിന്നും പെയിൻറ് പണിക്ക് പോയും ജീവിതമാർഗം കണ്ടെത്താൻ ശ്രമിക്കുകയാണ് പലരും. മറ്റ് തൊഴിൽ അവസരങ്ങളില്ലാത്തതും ഇവരെ വലക്കുന്നുണ്ട്. ബാങ്ക് വായ്പ, വട്ടിപ്പലിശ, വീട്ടുവാടക, കുട്ടികളുടെ പഠനം തുടങ്ങി ഭക്ഷണം പോലും മുടങ്ങിയ അവസ്ഥയിലാണ് നിരവധിപേർ കഴിയുന്നത്.
ഉത്സവങ്ങളായിരുന്നു അടിസ്ഥാന വർഗ കലാകാരന്മാർക്ക് വരുമാനം നേടിക്കൊടുത്തിരുന്നത്. ഓണാഘോഷം മുതൽ മേയ് മാസം വരെ കലാകാരന്മാരുടെ സീസണാണ്.
ഓണപ്പരിപാടികൾ കൂടാതെ സ്കൂൾ കലോത്സവങ്ങൾ, വിവാഹ ചടങ്ങുകൾ, ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവയെല്ലാം നിറഞ്ഞു നിൽക്കുന്ന കാലം. ഇവ നിലച്ചതോടെ കലാകാരന്മാരുടെ ജീവിതത്തിെൻറ നിറങ്ങളും മങ്ങി.
2018 പ്രളയകാലം മുതൽ കലാകാരന്മാരുടെ അവസ്ഥ മോശമാണ്. 2020ൽ കോവിഡ് വന്നതോടെ അത് പൂർണമായി. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിനായി കലാകാരന്മാരെ ഉപയോഗപ്പെടുത്തിയത് കുറച്ചുപേരുടെ ജീവിതത്തിലെങ്കിലും ആശ്വാസം പകർന്നിട്ടുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് 1000 രൂപ സർക്കാർ ധനസഹായം നിരവധിപേർക്ക് ലഭിച്ചിരുന്നു. ഇത്തവണ ആ സഹായവും ഉണ്ടായില്ലെന്ന് കലാകാരന്മാർ പറയുന്നു.
ടി.പി.ആർ കുറഞ്ഞ ഇടങ്ങളിൽ പൊതുപരിപാടികൾ അനുവദിക്കണം
(അജയ് കല്ലായ് -കേരള ആർട്ടിസ്റ്റ്സ് ഫ്രറ്റേണിറ്റി ജില്ല എക്സിക്യൂട്ടിവ് അംഗം)
പൊതുപരിപാടികൾ നിലച്ചത് കലാകാരന്മാരുടെ ജീവിതത്തിൽ തിരിച്ചടിയായിരിക്കുകയാണ്. ഒന്നര വർഷത്തിലേറെയായി പരിപാടികൾ ഇല്ലാതായിട്ട്. ഇനിയും മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
വിവാഹ ചടങ്ങിന് പോലും ആളുകൾ ഇല്ലാത്തത് കലയുടെ എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ്. 100 പേരെയെങ്കിലും ഉൾക്കൊള്ളിച്ച് പൊതുപരിപാടികൾ നടത്താൻ അനുവദിച്ചാൽ കലാകാരന്മാരുടെ മുഴുപ്പട്ടിണിക്ക് ആശ്വാസം കിട്ടും. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലെങ്കിലും പൊതുപരിപാടികൾ അനുവദിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.