ഹോട്ടലിൽനിന്ന് 90 കിലോ കോഴിയിറച്ചി ഉൾപ്പെടെ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
text_fieldsപയ്യോളി: അയനിക്കാട് ദേശീയപാതയോരത്തെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള മാംസാഹാര വസ്തുക്കളും കേടായ പഴം -പച്ചക്കറി സാധനങ്ങളും കണ്ടെത്തി. ദീർഘദൂര യാത്രക്കാരടക്കം നൂറുകണക്കിന് പേർ നിത്യേന ഭക്ഷണം കഴിക്കാനെത്തുന്ന അയനിക്കാട് കളരിപ്പടി ദേശീയപാതയോരത്തെ ഫെയ്മസ് ബേക്കറി ആൻഡ് റസ്റ്റാറന്റിലാണ് കേടായ ഭക്ഷ്യവസ്തുക്കളുടെ വൻശേഖരം കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ ഓണം സ്പെഷൽ സ്ക്വാഡ് ഉത്രാടനാളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ശീതീകരിച്ചുവെച്ച നിലയിൽ പഴകിയ മസാല പുരട്ടിവെച്ച കോഴിമാംസം 62.760 കിലോഗ്രാം, കോഴിമാംസം 15.170 കിലോഗ്രാം, പാചകം ചെയ്ത കോഴിമാംസം 9.855 കിലോഗ്രാം, ബീഫ് 4.125 ഗ്രാം, ഒരു കിലോഗ്രാം മത്സ്യം എന്നിവ കണ്ടെത്തി. ജ്യൂസ് -കൂൾ ഡ്രിങ്ക്സ് യൂനിറ്റിൽനിന്നും പഴകിയതും ഉപയോഗശൂന്യവും പൂപ്പൽ ബാധിച്ചതുമായ പപ്പായ രണ്ടു കിലോഗ്രാം, ഈന്തപ്പഴം 1.7 കിലോഗ്രാം, പച്ചക്കറികൾ മൂന്നു കിലോഗ്രാം, കാലാവധി കഴിഞ്ഞ ഫ്രൂട്ട് ജ്യൂസ് കോൺസൻട്രേറ്റ് ഒരു കുപ്പി എന്നിവയും കണ്ടെത്തി.
മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നു, അടുക്കള വൃത്തിഹീനമാണ് തുടങ്ങി നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും ഭക്ഷ്യവിഷബാധപോലും ഉണ്ടാവാൻ ഇടയുണ്ടെന്നും മലിനജല ടാങ്ക് തുറന്നുവെച്ച നിലയിലാണെന്നും സ്ക്വാഡ് കണ്ടെത്തി.
സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞതായും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ വെള്ളം പരിശോധിച്ച റിപ്പോർട്ടോ ഹാജരാക്കാത്തതും കണ്ടെത്തി. ഹോട്ടലിലെ വെള്ളത്തിന്റെ സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി നേരത്തേ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി ഭക്ഷ്യസുരക്ഷ ഓഫിസർ രണ്ടു വർഷം മുമ്പ് 6000 രൂപ പിഴ ചുമത്തിയിരുന്നു.
പിന്നീട് നഗരസഭ ആരോഗ്യ വിഭാഗം മലിനജലം, കോളിഫോം ബാക്ടീരിയ സാന്നിധ്യമുള്ള കുടിവെള്ളം, പഴകിയ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയിരുന്നു. ഭക്ഷ്യസുരക്ഷ വിഭാഗം വടകര സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഒ.ബി. അമയ, നാദാപുരം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഫെബിന മുഹമ്മദ് അഷ്റഫ്, നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. അബ്ദുറഹ്മാൻ, നഗരസഭാംഗം പി. മഞ്ജുഷ, സുരേഷ് പൊക്കാട്ട് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.