വ്യാപാര കേന്ദ്രത്തിന് ലൈസൻസിനായി വനിത സംരംഭകയുടെ നിൽപ്പ് സമരം
text_fieldsമുക്കം: സംരംഭകരെ ആകർഷിക്കാൻ സർക്കാർ നൂതന പദ്ധതികൾ പ്രഖ്യാപിക്കുന്ന നാട്ടിൽ വ്യാപാര കേന്ദ്രത്തിന് ലൈസൻസ് തേടി വനിത സംരംഭകയും കുടുംബവും നഗരസഭ ഓഫിസിന് മുന്നിൽ നിൽപ്പുസമരം നടത്തി. മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ വ്യാപാരത്തിന് അനുമതി നിഷേധിക്കുന്ന അധികൃതരുടെ കണ്ണുതുറപ്പിക്കാൻ മണാശ്ശേരി മഠത്തിൽ തൊടിക ഷീബയും കുടുംബവുമാണ് സമരവുമായി എത്തിയത്. മണാശ്ശേരി അങ്ങാടിയോട് ചേർന്ന് ഇവരുടെ സ്ഥലത്ത് നിർമിച്ച കെട്ടിട സമുച്ചയത്തിന് അധികൃതരുടെ അനുമതി തേടി മാസങ്ങളായി കുടുംബം അലയുകയാണ്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തും നാളിതുവരെയുള്ള സമ്പാദ്യവും ഉപയോഗിച്ച് നിർമിച്ച സ്ഥാപനത്തിന് അനുമതി കിട്ടാത്തതിനാൽ കുടുംബം ഏറെ ദുരിതത്തിലാണ്. സ്ഥാപനം തുടങ്ങാൻ കഴിയാത്തതിനാൽ വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയും നിലനിൽക്കുകയാണ്. കോവിഡ് കാലത്ത് പ്രവാസികളുൾപ്പെടെയുള്ളവർക്ക് ഗൃഹവാസത്തിന് സൗജന്യമായി വിട്ടുകൊടുത്ത കെട്ടിട സമുച്ചയം കൂടിയാണിത്. കോവിഡ് ബാധിതർക്ക് മാസങ്ങളോളം ഭക്ഷണ വിതരണം നടത്തിയതും ഈ കുടുംബമായിരുന്നു. രാവിലെ തുടങ്ങിയ സമരം ഉച്ചയോടെ അവസാനിപ്പിച്ചു.
ലൈസൻസ് അനുവദിക്കാതെ വട്ടം കറക്കുന്നതിനാൽ തെരുവിലിറങ്ങേണ്ട സാഹചര്യത്തിലാണ് സമരമെന്നും നിഷേധാത്മക നിലപാട് തുടർന്നാൽ പ്രതിഷേധം ശക്തമാക്കുമെന്നും കുടുംബം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.