മെഡിക്കല്‍ കോളജിൽ മുലപ്പാൽ ബാങ്ക് തുടങ്ങി
text_fieldsമെഡിക്കല്‍ കോളജിനു കീഴിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ മുലപ്പാൽ ബാങ്കിെൻറ ശിലാഫലക അനാച്ഛാദനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
കോഴിക്കോട്: മെഡിക്കല്‍ കോളജിനു കീഴിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ മുലപ്പാൽ ബാങ്ക് പ്രവർത്തനമാരംഭിച്ചു. പ്രസവം കഴിഞ്ഞ അമ്മമാര്‍, നവജാത ശിശു ഐ.സി.യുവിലുള്ള അമ്മമാര്‍, മുലപ്പാലൂട്ടുന്ന അമ്മമാര്‍, മുലപ്പാലൂട്ടുന്ന ജീവനക്കാര്‍, നവജാത ശിശുവിഭാഗം ഒ.പിയിലെത്തുന്ന അമ്മമാര്‍ തുടങ്ങിയവരില്‍നിന്നാണ് പാല് സ്വീകരിക്കുക.
ഇവരില്‍നിന്ന് സമ്മതപത്രം വാങ്ങിയശേഷം പരിശോധന നടത്തി മറ്റ് അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയശേഷം പ്രത്യേകം ബോട്ടിലുകളില്‍ മുലപ്പാല്‍ ശേഖരിക്കും.
രണ്ടു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ്വരെ താപനിലയില്‍ സൂക്ഷിക്കുകയും പാസ്ചുറൈസേഷന് നടത്തി പ്രത്യേക സംഭരണികളിലേക്ക് മാറ്റുകയും ചെയ്യും.
പാസ്ചുറൈസേഷന് ചെയ്ത പാല് അണുവിമുക്തമാണെന്ന് മൈക്രോബയോളജി പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്യും. തുടർന്നാണ് ആവശ്യക്കാരായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുക.
മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ നവജാത ശിശുവിഭാഗത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ് ബാങ്ക്. നാൽപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മുലപ്പാൽ ബാങ്ക് ഒരുക്കിയത്. നവജാത ശിശുക്കൾക്ക് മുലപ്പാൽ നേരിട്ട് കുടിക്കാൻ കഴിയാത്ത സാഹചര്യം, അമ്മമാർക്ക് വേണ്ടത്ര പാൽ ഇല്ലാത്ത സാഹചര്യം എന്നീ പ്രതിസന്ധികളെയും ഇതുവഴി തരണംചെയ്യാനാവും.
അമ്മമാർക്ക് പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെൻറിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ കുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്കാന് കഴിയാത്ത അമ്മമാര്‍ക്ക് മുലപ്പാൽ ബാങ്ക് അനുഗ്രഹമാകും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവന് എം.പി മുഖ്യാതിഥിയായിരുന്നു.
മേയര്‍ ഡോ. ബീന ഫിലിപ്, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ കെ. മോഹനന്, സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, ജില്ല കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വി.ആര്. രാജേന്ദ്രന്, ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. എം. ശ്രീഹരി, നാഷനല്‍ ഹെല്‍ത്ത് മിഷന് ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ആർ.സി.എച്ച് ഓഫിസര്‍ ഡോ. കെ. മോഹന്‍ദാസ്, പീഡിയാട്രിക് വകുപ്പ് മേധാവി ഡോ. വി.ടി. അജിത് കുമാര്‍, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. ടി.പി. അശ്റഫ്, മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.