കുളങ്ങരത്ത്-നരിപ്പറ്റ റോഡിൽ സ്റ്റീൽ ബോംബ് സ്ഫോടനം
text_fieldsനാദാപുരം: കുളങ്ങരത്ത്-നരിപ്പറ്റ റോഡിൽ പൗർണമി വായനശാലക്കുസമീപം സ്റ്റീൽ ബോംബ് സ്ഫോടനം. ഞായറാഴ്ച രാത്രി 10.30നാണ് മേഖലയെ നടുക്കി നടുറോഡിൽ ഉഗ്രസ്ഫോടനമുണ്ടായത്. റോഡിൽ പതിച്ച സ്റ്റീൽ ബോംബ് വൻ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് റോഡിലെ ടാറിങ് ഇളകിയനിലയിലാണ്. സ്ഫോടനശബ്ദംകേട്ട് ഓടിയെത്തിയവർ കണ്ടത് വലിയ പുകയായിരുന്നു.
വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതായും പരിസരവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറിന്റെ സൈറൺ മുഴങ്ങുകയും മേഖലയാകെ പ്രകമ്പനംകൊള്ളുകയും ചെയ്തു. പൊലീസ് നടത്തിയ പരിശോധനയിൽ സ്റ്റീൽ കണ്ടെയ്നറിന്റെ ചീളുകൾ കസ്റ്റഡിയിലെടുത്തു.
റോഡിന് പരിസരത്തെ ഇടറോഡിൽനിന്ന് ബോംബെറിഞ്ഞ് ഭീതിപരത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. നാദാപുരം എസ്.ഐ എസ്. ശ്രീജിത്ത്, ബോംബ് സ്ക്വാഡ്, പയ്യോളിയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡ് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.