സ്റ്റെന്റ് സ്റ്റോക്ക് തീർന്നു; ബീച്ച് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി
text_fieldsകോഴിക്കോട്: ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ സ്റ്റെന്റ് വിതരണം നിർത്തിവെച്ചതോടെ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങുന്നു. സ്റ്റെന്റ് ലഭ്യമല്ലാത്തതിനാൽ ആഞ്ചിയോ പ്ലാസ്റ്റി നിർത്തിവെച്ചിരിക്കുകയാണ്.
ആഞ്ചിയോഗ്രാം മാത്രമാണ് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിൽ നിലവിൽ നടക്കുന്നത്. സ്റ്റെന്റ് നൽകിയ ഇനത്തിൽ കഴിഞ്ഞ ഡിസംബർ 31 വരെ ലഭിക്കാനുള്ള കുടിശ്ശിക മൂന്നരക്കോടി കടന്നതോടെയാണ് കമ്പനികൾ വിതരണം നിർത്തിവെച്ചത്. കുടിശ്ശിക ലഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ വിതരണം നിർത്തിവെക്കുമെന്ന് കാണിച്ച് വിതരണക്കാർ മാർച്ച് ഒന്നിന് ആശുപത്രി അധികൃതർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിക്കാതിരുന്നതോടെയാണ് വിതരണം നിർത്തിവെച്ചതെന്ന് വിതരണക്കാർ അറിയിച്ചു.
തീരദേശത്തെ ജനങ്ങൾക്ക് ഏറെ ആശ്രയമായ ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം നിലച്ചത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മാസംതോറും നൂറിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രിയിൽ കാത്ത് ലാബിൽ സ്റ്റെന്റ് സ്റ്റോക്ക് തീർന്നതോടെ സാധാരണക്കാരായ നിരവധി പേർ ശസ്ത്രക്രിയ ചെയ്യാനാവാതെ മടങ്ങുന്നു.
നേരത്തേ ശസ്ത്രക്രിയക്ക് തിയതി ലഭിച്ചവർവരെ ഇതിൽപെടും. സ്വകാര്യ ആശുപത്രികളിൽ ഭീമമായ തുക ആവശ്യമാവുന്ന ശസ്ത്രക്രിയ പൂർണമായോ ഭാഗികമായി സൗജന്യമായി ലഭിക്കുന്നത് തീരദേശവാസികൾക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇത് മുടങ്ങിയതോടെ നിർധനരോഗികളുടെ ചികിത്സയും മുടങ്ങുകയാണ്.
കാരുണ്യ ആരോഗ്യ ഇൻഷുറൻസിൽനിന്ന് ആശുപത്രിക്ക് ലഭിക്കാനുള്ള തുക ലഭിക്കാത്തതിനാലാണ് വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാൻ കഴിയാത്തതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നേരത്തേയും സ്റ്റെന്റ് സ്റ്റോക്ക് തീർന്ന് ബീച്ച് ആശുപത്രിയിലെ കാത്ത് രണ്ടും മാസത്തോളം അടച്ചിട്ടിരുന്നു.
ഏറെ പ്രതിഷേധത്തിനും ഇടപെടലുകൾക്കും ശേഷമായിരുന്നു കാരുണ്യയിൽനിന്ന് പണം അനുവദിച്ചതും കാത്ത് ലാബ് തുറന്നുപ്രവർത്തിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.