സരോവരത്ത് മലിനജല സംസ്കരണ പ്ലാന്റിന് നടപടി തുടങ്ങി
text_fieldsകോഴിക്കോട്: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള അമൃത് രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയ സരോവരത്തെ മലിനജല സംസ്കരണ പ്ലാന്റ് നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. നേരത്തേ സുസ്ഥിര നഗരവികസന പദ്ധതിയിൽ തുടങ്ങിവെച്ച പദ്ധതിയുടെ പൈപ്പുകളടക്കം സൗകര്യങ്ങൾക്കൂടി ഉപയോഗപ്പെടുത്തി കൂടുതൽ വിപുലീകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. മൊത്തം 27 ദശലക്ഷം ലിറ്റർ മലിനജലം സംസ്ക്കരിക്കാനുള്ള പദ്ധതിക്കാണ് നഗരസഭ അനുമതി നൽകിയത്. 13.5 ദശലക്ഷം ലിറ്റർ വീതമുള്ള രണ്ട് പ്ലാന്റ് ഇതിനായി പണിയും. ചാലപ്പുറം, പാളയം, വലിയങ്ങാടി, മൂന്നാലിങ്ങൽ തുടങ്ങി 27 വാർഡുകൾക്കെങ്കിലും പ്രയോജനം കിട്ടുമെന്നാണ് പ്രതീക്ഷ. ആദ്യവട്ട ചെലവ് 110 കോടി വരുമെന്നാണ് കണക്കാക്കുന്നത്.
പ്ലാന്റുകൾക്കായി പുതിയറകല്ലുത്താൻകടവിനുസമീപം പമ്പിങ്, ലിഫ്റ്റിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. മൂരിയാട്, മൊഫ്യൂസൽ സ്റ്റാൻഡിനുസമീപം എന്നിവിടങ്ങളിലും സ്റ്റേഷനുകൾ നിർമിക്കും.
ജല അതോറിറ്റി തയാറാക്കിയ രേഖകൾ പ്രകാരം 26 കിലോമീറ്റർ ദൂരമെങ്കിലും പൈപ്പിടേണ്ടിവരും. അറ്റകുറ്റപ്പണിക്കടക്കം അഞ്ച് കൊല്ലത്തേക്ക് 15.3 കോടി ചെലവുവരും.
സുസ്ഥിര നഗരവികസന പദ്ധതിയിൽ തുടങ്ങിയ സരോവരത്തെ പ്ലാന്റ് പണി ഇടക്ക് നിന്നുപോവുകയായിരുന്നു. 93 കോടിയുടേതായിരുന്നു പഴയ പദ്ധതി. 19 കോടിയോളം ചെലവിട്ട് പണി പുരോഗമിക്കവേ കോട്ടൂളിയിൽ തണ്ണീർത്തടവും മറ്റുമുള്ള പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന സ്ഥലത്താണ് നിർമാണമെന്ന് ആരോപണമുയർന്നു.
പ്രശ്നം ഹരിത ട്രൈബ്യൂണലിലും മറ്റുമെത്തിയതോടെ പണി നിന്നുപോവുകയായിരുന്നു.
അമൃത് 2.0 മാർഗരേഖ പ്രകാരം ജലവിതരണം, മലിനജല സംരക്ഷണം, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, ഹരിത കേന്ദ്രങ്ങളുടെ നിർമാണം എന്നീ മേഖലകളിലാണ് പദ്ധതികൾ രൂപവത്കരിക്കേണ്ടത്.
വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ വിഭാഗത്തിലെയും സീവറേജ് വിഭാഗത്തിലെയും സൂപ്രണ്ടിങ് എൻജിനീയർമാരുമായി ചർച്ച ചെയ്താണ് പദ്ധതികൾ തയാറാക്കിയത്. സരോവരത്തെ പ്ലാന്റ് 34,195ത്തോളം വീടുകൾക്ക്സഹായകമാവുമെന്നാണ് മലിനജല സംസ്കരണ മേഖലയിലെ പ്രോജക്ട് അവതരിപ്പിച്ച വാട്ടർ അതോറിറ്റി സീവറേജ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.