സ്ത്രീസുരക്ഷ ശക്തമാക്കാൻ നടപടി
text_fieldsകോഴിക്കോട്: നഗരത്തിലെ സ്ത്രീസുരക്ഷ ശക്തമാക്കാൻ നടപടികൾ കർശനമാക്കുമെന്ന് അധികൃതർ. ശനിയാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘സ്ത്രീസുരക്ഷക്ക് പുല്ലുവില; നഗരത്തിൽ സാമൂഹികദ്രോഹികളുടെ ആറാട്ട്’ എന്ന വാർത്തയോട് പ്രതികരിച്ചാണ് മേയർ ഡോ. ബീന ഫിലിപ്പും സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയും സ്ത്രീസുരക്ഷ ശക്തമാക്കുമെന്ന് വ്യക്തമാക്കിയത്. സ്ത്രീസുരക്ഷക്കുള്ള പദ്ധതികൾ പിഴവുകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും.
മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർക്കും രക്ഷയില്ല
കോഴിക്കോട്: വിവിധ ജില്ലകളിൽനിന്ന് നഗരത്തിൽ പഠിക്കാനെത്തുന്നവരാണ് പലപ്പോഴും സാമൂഹികദ്രോഹികളുടെ ഉപദ്രവങ്ങൾക്കിരയാവുന്നത്. നഗരത്തിൽ അവർക്കുള്ള പരിചയക്കുറവ് മുതലെടുത്താണ് ചിലർ പിന്നാലെ കൂടുന്നത്. വാഹനങ്ങളിലെത്തിയാണ് പലരും സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കോട്ടയത്തുനിന്ന് നഗരത്തിൽ പഠനാവശ്യത്തിനെത്തിയ ദേവനന്ദനയും നിഖിത ഷിബുവും പറഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലുമൊന്നും ഇല്ലാത്ത ദുരനുഭവങ്ങളാണ് തങ്ങൾക്ക് കോഴിക്കോട്ടുനിന്നുണ്ടായത്.
രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ സ്ഥാപിതമായ കോഴിക്കോട്ട് വനിത പൊലീസിന്റെ സേവനം സ്ത്രീസുരക്ഷക്ക് വേണ്ടത്ര ലഭിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. മഫ്തിയിൽ വനിത പൊലീസ് രംഗത്തിറങ്ങിയാൽ ഇത്തരക്കാരെ കൈയോടെ പിടികൂടാനാവുമെന്നും അവർ കൂട്ടിച്ചേർത്തു.
നഗരത്തിൽ നൈറ്റ് പട്രോളിങ് ശക്തമാക്കും-രാജ്പാൽ മീണ (സിറ്റി പൊലീസ് മേധാവി)
കോഴിക്കോട്: നഗരത്തിലെ സ്ത്രീസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നൈറ്റ് പട്രോളിങ് ശക്തമാക്കുമെന്ന് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ. ആളൊഴിഞ്ഞ റോഡുകളിലെല്ലാം പൊലീസ് സാന്നിധ്യം പരമാവധി ഉറപ്പാക്കും. ട്രാൻസ് ജെൻഡറുകൾ തമ്പടിക്കുന്ന മാവൂർ റോഡിനോട് ചേർന്നുള്ള യു.കെ.എസ് റോഡിൽ രാത്രിയിൽ നിരീക്ഷണം ശക്തമാക്കാൻ നടക്കാവ് പൊലീസിനോട് നിർദേശിക്കും. ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മഫ്തി പൊലീസിനെ നിയോഗിക്കുന്നതടക്കം പരിഗണിക്കും. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കുമെതിരായ അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചാൽ കർശന നടപടികൾ കൈക്കൊള്ളും.
സുരക്ഷ ശക്തമാക്കാൻ പൊലീസിനോട് ആവശ്യപ്പെടും- ഡോ. ബീന ഫിലിപ് (മേയർ)
കോഴിക്കോട്: നഗരത്തിലെ സ്ത്രീസുരക്ഷ ശക്തമാക്കാൻ സിറ്റി പൊലീസിനോട് ആവശ്യപ്പെടുമെന്ന് മേയർ ഡോ. ബീന ഫിലിപ്. മറ്റു ജില്ലകളിൽനിന്നടക്കമുള്ള സ്ത്രീകൾക്കെതിരെ ലൈംഗികചേഷ്ഠകൾ കാണിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ അടക്കമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ ഏറെയുള്ളത്. ഇത്തരക്കാരെ പിടികൂടാൻ മഫ്തിയിൽ പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് സിറ്റി പൊലീസ് മേധാവിയോട് ആവശ്യപ്പെടും. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹവും രംഗത്തുവരുകയും ജാഗ്രതപാലിക്കുകയും വേണം.
സുരക്ഷയൊരുക്കാൻ സർക്കാറും തൊഴിലുടമകളും തയാറാവണം- വിജി പെൺകൂട്ട് (സാമൂഹിക പ്രവർത്തക)
കോഴിക്കോട്: നഗരത്തിൽ സ്ത്രീകളുടെ സുരക്ഷ അപകടകരമായ അവസ്ഥയിലാണ്. സന്ധ്യയായാൽ സ്ത്രീകൾക്ക് ഇറങ്ങിനടക്കാൻ കഴിയില്ല. പലതരത്തിലുള്ള അതിക്രമങ്ങളാണ് നേരിടേണ്ടിവരുന്നത്. മിഠായിത്തെരുവിലേക്ക് സാധനങ്ങൾ വാങ്ങാനെത്തുന്ന സ്ത്രീകൾ വരെ സാമൂഹിക വിരുദ്ധരിൽനിന്നുള്ള അതിക്രമം നേരിടുന്നുണ്ട്. നിലനിൽപിന് ജോലി അത്യാവശ്യമായതിനാൽ തൊഴിലുടമ പറയുന്ന സമയം വരെ ജോലി ചെയ്യാൻ സ്ത്രീ തൊഴിലാളികൾ നിർബന്ധിതരാവുകയാണ്.
ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിട്ടാൽ വീടുകളിൽ പോലും പരാതിപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് സ്ത്രീകൾ. തൊഴിലെടുക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാറും തൊഴിലുടമയും ഏറ്റെടുക്കണം. തൊഴിൽ വകുപ്പ് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.
രാത്രിനഗരം സ്ത്രീകൾക്കുള്ളതല്ല എന്ന മനോഭാവം നിലനിൽക്കുന്നു-അംബിക (സാമൂഹിക പ്രവർത്തക)
കോഴിക്കോട്: രാത്രിനഗരം സ്ത്രീകൾക്കുള്ളതല്ല എന്ന ആൺകോയ്മ മനോഭാവം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. സന്ധ്യക്ക് ശേഷം നഗരത്തിലിറങ്ങിയാൽ തുറിച്ചുനോട്ടത്തിനും അതിക്രമങ്ങൾക്കും ഇരയാവുകയാണ്. പകൽ പോലും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളോട് കൂടെ പോരുന്നോ പൈസ തരാം എന്നു പറയുന്ന ആളുകളുണ്ട്. പെൺകുട്ടികൾക്കു മാത്രമല്ല, ആൺകുട്ടികൾക്കു നേരെയും ഇത്തരക്കാരുടെ ആക്രമണം നടക്കുന്നുണ്ട്.
ഇത്തരം ആക്രമണങ്ങൾക്കെതിരെ ഒരു സമര പരിപാടിയുടെ ഭാഗമായി 2012ൽ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നപ്പോൾ, പെൺകൂട്ടിന്റെ നേതൃത്വത്തിൽ ഇത്തരക്കാരെ സ്ത്രീകൾതന്നെ കൈകാര്യം ചെയ്തിരുന്നു. അന്ന് സമൂഹികദ്രോഹികൾക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സ്ത്രീകൾക്ക് സുരക്ഷിതരായി നഗരത്തിലൂടെ നടക്കാൻ പറ്റുന്ന സാഹചര്യം ഒരുക്കാൻ പൊലീസ് തയാറാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.