തെരുവുനായ്ക്കളുടെ വന്ധ്യംകരണം; പുതിയ കെട്ടിടം നോക്കുകുത്തി
text_fieldsബാലുശ്ശേരി: തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാൻ ലക്ഷ്യമിട്ട് ബാലുശ്ശേരിയിൽ ആരംഭിച്ച എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ സെന്റർ) പുതിയ കെട്ടിടത്തിൽ പ്രവർത്തനം ഇനിയും തുടങ്ങിയില്ല.
ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള 60 ലക്ഷം രൂപ ചെലവിട്ട് വട്ടോളി ബസാറിലെ മൃഗാശുപത്രി കോമ്പൗണ്ടിൽ പുതിയ കെട്ടിടം നിർമിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ കഴിയാത്തതാണ് കേന്ദ്രത്തിന്റെ പ്രവർത്തനം വൈകാൻ കാരണം. 2018 മാർച്ചിൽ ആരംഭിച്ച എ.ബി.സി സെന്റർ മൃഗാശുപത്രിയോടനുബന്ധിച്ചുള്ള പഴയ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്.
മൃഗസംരക്ഷണ വകുപ്പും ജില്ല പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് വട്ടോളി മൃഗാശുപത്രിയോടു ചേർന്ന് കരുണ പദ്ധതിയിൽ വന്ധ്യംകരണ കേന്ദ്രം തുടങ്ങിയത്. എന്നാൽ, 2018 ഏപ്രിൽ 24ന് വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ 12 നായ്ക്കളടക്കം 24 നായ്ക്കൾ ഇവിടെ ചികിത്സക്കിടെ ചത്തിരുന്നു. ഇതേതുടർന്ന് കേന്ദ്രം നടത്തിപ്പിനെതിരെ പരാതി ഉയരുകയും മൃഗസംരക്ഷണ വകുപ്പ് വിജിലൻസ് അന്വേഷണം നടത്തുകയും തുടർന്ന് സെന്റർ അടച്ചുപൂട്ടുകയുമായിരുന്നു.
പുതിയ കെട്ടിടം പണിത് തെരുവുനായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ പുനരാരംഭിക്കാനായിരുന്നു തീരുമാനം. മാലിന്യ നിയന്ത്രണ സംവിധാനത്തോടെയും എല്ലാവിധ പരിചരണ സൗകര്യത്തോടെയുമുള്ള പുതിയ കെട്ടിടമാണ് ഇപ്പോൾ നിർമിച്ചിട്ടുള്ളത്. തെരുവുനായ്ക്കളെ എത്തിക്കുന്നതിനും പരിചരണം നടത്തുന്നതിനുമായി കുടുംബശ്രീയുമായി സഹകരിക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇതെല്ലാം നോക്കുകുത്തിയാകുന്ന അവസ്ഥയാണിപ്പോൾ. തെരുവുനായ്ക്കളാകട്ടെ പെരുകി വർധിച്ച് ടൗണിലും നാട്ടിൻപുറങ്ങളിലും ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.