സരോവരത്തിലെത്താൻ ഇപ്പോഴും മതിയായ വഴിയില്ല
text_fieldsകോഴിക്കോട്: മലബാറിലെ മുഖ്യ ടൂറിസ്റ്റ് ആകർഷണകേന്ദ്രമായി മാറിയ എരഞ്ഞിപ്പാലം സരോവരം ബയോപാർക്കിലേക്ക് മുഖ്യവഴിയായ മിനി ബൈപാസിൽനിന്ന് കനോലി കനാൽ മുറിച്ചുകടക്കാൻ ഇപ്പോഴും മതിയായ വഴിയില്ല. ആകെയുള്ള പഴയ പാലം ജീർണിച്ച് ഏത് നിമിഷവും പൊളിഞ്ഞുവീഴുമെന്ന സ്ഥിതിയിലാണ്.
സരോവരം മേഖല ബയോപാർക്കാക്കുന്നതിന് മുമ്പ് പണിത പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് കമ്പികൾ മുഴുവൻ പുറത്താണ്. പാർക്കിലേക്കുള്ള മുഖ്യ വഴിയെന്നനിലയിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ടൈലുകളും മറ്റും ഒട്ടിച്ച് ഭംഗിയാക്കിയിട്ടുണ്ടെങ്കിലും പാലത്തിനടി കാണുന്നവർ പിന്നെ കയറാൻ പേടിക്കുന്ന അവസ്ഥയുണ്ട്. കനോലി കനാലിന്റെ ചുമതലയുള്ള ഇറിഗേഷൻ വകുപ്പ് മുമ്പ് പാലം പണിത കാലത്ത് കാര്യമായ ആൾപ്പെരുമാറ്റമില്ലാത്ത മേഖലയായിരുന്നു ഇവിടെ. ബയോപാർക്കും മിനി ബൈപാസും വന്ന് തിരക്കായതുമുതൽ പാലം നന്നാക്കാനായി വകുപ്പിന് ടൂറിസം പ്രമോഷൻ കൗൺസിൽ കത്ത് നൽകിയിരുന്നു. പലതവണ കത്തുകൾ കൈമാറി. പാലം വീതികൂട്ടി മനോഹരമാക്കുമെന്നും മറ്റുമുള്ള പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നും നടന്നില്ല. വിവിധ കാരണങ്ങൾ പറഞ്ഞായിരുന്നു പാലം പണി നീണ്ടത്. ഏറ്റവുമൊടുവിൽ കനോലി കനാലിന്റെയും അതുവഴി നഗരത്തിന്റേയും മുഖച്ഛായ മാറ്റുന്ന സമഗ്രവികസനത്തിനുള്ള കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി വരുന്ന കാരണം പറഞ്ഞാണ് നവീകരണം നീളുന്നത്. ക്വില്ലിന്റെ (കേരള വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്) നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ജലപാത, കനാലിലേക്ക് മലിനജലമൊഴുക്കുന്നത് ഒഴിവാക്കല്‍, കനാലിന്റെ ഇരുവശവുമുള്ള റോഡുകളും കനാലിലെ പാലങ്ങളുടേയും നവീകരണം, നഗരത്തിലെ വെള്ളക്കെട്ടിനുള്ള പരിഹാരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പ്രാരംഭഘട്ടത്തിലുള്ള പദ്ധതി എന്ന് നടപ്പാവുമെന്നുപോലും പറയാനാവുന്നില്ല. അപ്പോഴേക്കും പാലം തകർന്ന് വൻ അപകടമുണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. മഴക്കാലത്ത് കനോലി കനാൽ കവിഞ്ഞൊഴുകുന്ന ഭാഗത്താണ് അപകടാവസ്ഥയിലുള്ള പാലം. പാലം ബലപ്പെടുത്താനുള്ള നടപടിയെങ്കിലും നഗരം പ്രതീക്ഷിക്കുന്നു.
ബുദ്ധിമുട്ട് മുഴുവൻ സന്ദർശകർക്ക്
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സരോവരത്തിന്റെ കവാടത്തിൽ ഇന്റർലോക്കിടുന്ന പണി നടക്കുന്നതിനാൽ ഞായറാഴ്ച മിനി ബൈപാസിൽനിന്ന് പാർക്കിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ സന്ദർശകർ ഏറെ ബുദ്ധിമുട്ടി. നിർമാണപ്രവൃത്തി അടുത്ത ദിവസങ്ങളിലും തുടരും. വീതികുറഞ്ഞ പാലവും വഴിയുമായതിനാലാണ് ചെറിയ പണി നടക്കുമ്പോഴേക്കും മുഖ്യകവാടം തന്നെ അടച്ചിടേണ്ടിവന്നത്. ഓട്ടോയിലും മറ്റും എത്തിയ പ്രായമായവരടക്കം പാർക്കിലെത്താൻ കിലോമീറ്ററിലധികം നടക്കേണ്ടിവന്നു. ഏറെദൂരെ എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫിസിനടുത്ത് വരെ നടന്ന് അവിടെയുള്ള പാലം വഴിയാണ് സന്ദർശകർക്ക് പാർക്കിൽ കയറാനായത്. ഈ പാലവും അപകടാവസ്ഥയിലാണ്.
വയനാട് റോഡിൽനിന്ന് കനോലി കനാലിന്റെ കിഴക്കേ കരയിലൂടെയുള്ള 'സരോവരം ബയോ പാർക്ക് റോഡ്' വഴിയാണ് വാഹനങ്ങളിൽ വരുന്നവരടക്കം ഇപ്പോൾ പാർക്കിനകത്ത് കയറുന്നത്. അധികം വീതിയില്ലാത്ത ഈ റോഡ് കണ്ടുപിടിക്കുന്നതും അതുവഴി പാർക്കിലെത്തുന്നതും നഗരം പരിചയമില്ലാത്തവർക്ക് അത്ര എളുപ്പമല്ല. മിനി ബൈപാസിൽനിന്ന് പാർക്കിലേക്കുള്ള കവാടത്തിന് മുന്നിൽ നടപ്പാത വേലിയൊഴിവാക്കി പ്രവേശിക്കാനുള്ള സ്ഥലമിടാത്തതും ബുദ്ധമുട്ടുണ്ടാക്കുന്നു. ഓട്ടോയിലും മറ്റും വന്ന് കവാടത്തിന് മുന്നിലിറങ്ങുന്നവർ കമ്പിവേലി കടക്കാൻ വീണ്ടും തിരിച്ച് നടക്കേണ്ടി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.