മക്കളുടെ മരണം കണ്ട് മടുത്ത 82കാരിയായ സരോജിനിക്ക് ജീവിതം ദുരിതമാകുന്നു
text_fieldsഎലത്തൂർ: സ്വന്തം കണ്ണടയുന്നതിനുമുമ്പുതന്നെ നൊന്തു പ്രസവിച്ച നാലു മക്കളുടെയും ജീവൻ നഷ്ടപ്പെട്ട വേദനയിലാണ് 82കാരിയായ ഈ അമ്മ.
പുതിയനിരത്ത് പരേതനായ കളത്തിൽ അപ്പുട്ടിയുടെ ഭാര്യ സരോജിനിയുടെ ദുർവിധി ഒരമ്മക്കുമുണ്ടാകരുതേയെന്ന പ്രാർഥന മാത്രമാണ് ഇവരുടെ കഥകേട്ടാൽ ആരിലും അവശേഷിക്കുക. അഞ്ചുവർഷം മുമ്പ് ഇളയ മകൾ ഷൈജ അർബുദം ബാധിച്ച് മരിച്ചു. തുടർന്ന് സരോജിനിയുടെ മറ്റൊരു മകൾ ലീനയും അർബുദത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടാനാവാതെ മരിച്ചു.
ലീനയും ഷൈജയും അവിവാഹിതകളായിരുന്നു. ഒന്നരവർഷം മുമ്പ് മൂത്ത മകൾ സുലേഖയെയും അർബുദം കൊണ്ടുപോയി. സുലേഖ രോഗിയായിരിക്കെ ഇവരുടെ മകനും ട്രെയിനിടിച്ച് മരിച്ചു.
തിങ്കളാഴ്ച രാത്രി മൂത്തമകൻ സത്യൻ ട്രെയിൻ തട്ടി മരിച്ചതോടെ താരാട്ടുപാടി വളർത്തി വലുതാക്കിയ നാലുമക്കളും നഷ്ടപ്പെട്ട അവസ്ഥയിലാണ് ആ അമ്മ.
ദാരിദ്ര്യത്തിലും ദുരിതത്തിലും മുങ്ങി യൗവനം തീരുേമ്പാഴും മക്കൾ വലുതാവുേമ്പാൾ തനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചുകിട്ടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, ഇപ്പോൾ ആ അമ്മയുടെ ജീവിതം നല്ല മനസ്സുകളുടെ ഔദാര്യം മാത്രമായി അവശേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.