വന്ധ്യംകരണം നടത്തുന്ന തെരുവ് നായ്ക്കൾ ചത്തൊടുങ്ങുന്നതായി പരാതി
text_fieldsബാലുശ്ശേരി: വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിക്കുന്ന തെരുവ് നായ്ക്കൾ അവശരായി ചത്തൊടുങ്ങുന്നതായി പരാതി ഉയരുന്നു. തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടിച്ചുകൊണ്ടുപോയി ബാലുശ്ശേരിയിലെ എ.ബി.സി സെന്ററിൽനിന്നും വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി തെരുവിലേക്കുതന്നെ മടക്കിയെത്തിക്കുന്നവയാണ് അവശതയനുഭവിച്ച് ചാകുന്നതായി പരാതിയുയർന്നത്.
കഴിഞ്ഞദിവസം ബാലുശ്ശേരി രജിസ്ട്രാർ ഓഫിസിന് മുന്നിലെ റോഡിൽ വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ തെരുവുനായ് ഏറെ അവശതയനുഭവിച്ച ശേഷം ചത്തിരുന്നു. അരക്കുതാഴെ തളർന്ന നിലയിൽ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാതെ എല്ലും തോലുമായ നിലയിൽ കിടന്ന നായ് ഏറെ താമസിയാതെ ചാവുകയായിരുന്നു. ബാലുശ്ശേരി ടൗണിൽ വിവിധയിടങ്ങളിലായി ഇക്കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ അഞ്ചോളം തെരുവ് നായ്ക്കൾ അവശരായി ചത്തിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരം, കൈരളി റോഡ്, കുടുംബശ്രീ ഹോട്ടൽ പരിസരം എന്നിവിടങ്ങളിലും കണ്ണാടിപ്പൊയിൽ ഭാഗത്തും അവശരായി വീണുകിടന്ന നായ്ക്കൾ ദിവസങ്ങൾക്കുള്ളിൽ തന്നെ ചത്തു.
എ.ബി.സി സെന്ററിൽ വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കളെ തെരുവിലേക്ക് തന്നെ തിരിച്ചെത്തിക്കുന്നത് വേണ്ടത്ര പരിചരണമോ ഭക്ഷണമോ ലഭിക്കാതെയാണെന്ന പരാതിയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ ആൺ നായ്ക്കളെ നാലു ദിവസവും പെൺ നായ്ക്കളെ അഞ്ചു ദിവസവും നിരീക്ഷണത്തിൽ വെച്ചശേഷം അവയെ പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവിടുകയാണ്.
ഇങ്ങനെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ നായ്ക്കളെ തിരിച്ചറിയാനായി ചെവിയിൽ ഒരു കട്ടിങ് മാർക്കും നൽകുന്നുണ്ട്.
എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് വേണ്ടത്ര പരിചരണമോ ഭക്ഷണമോ ലഭിക്കാതെ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേക്കും നായ്ക്കളെ തെരുവിലേക്കുതന്നെ തിരിച്ചെത്തിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കാനൈൻ ഡിസ്റ്റംബർ എന്ന ഒരുതരം വൈറസ് രോഗം ബാധിച്ചാണ് നായ്ക്കൾ അവശരായി ചാകുന്നതെന്നാണ് എ.ബി.സി സെന്ററിലെ വെറ്ററിനറി ഡോക്ടർ അനീഷ് പറയുന്നത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി പിടിച്ചുകൊണ്ടുവരുമ്പോൾതന്നെ നായ്ക്കൾക്ക് വൈറസ് രോഗബാധയുണ്ടാകാമെന്നും അതാകാം പിന്നീടുള്ള മരണത്തിന് കാരണമെന്നും ഡോക്ടർ പറഞ്ഞു.
തെരുവ് നായ്ക്കളെ എത്തിക്കുന്നതിനും പരിചരണം നടത്തുന്നതിനുമായി എ.ബി.സി സെന്ററിൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സെന്ററിലെത്തിക്കാൻ ഒരു നായ്ക്ക് 300 രൂപയാണ് കരാർ.
ബാലുശ്ശേരിയും സമീപ പഞ്ചായത്തുകളിൽനിന്നുമായി 400ലധികം നായ്ക്കളെ ഇതുവരെ വന്ധ്യംകരണം നടത്തി പുറത്തേക്ക് വിട്ടിട്ടുണ്ടെന്നും ഡോ. അനീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.