കടലുണ്ടിയിൽ തെരുവുനായ് ആക്രമണം; ആറുപേർക്ക് പരിക്കേറ്റു
text_fieldsകടലുണ്ടി: ഇടച്ചിറ ഭാഗത്ത് തെരുവുനായ് ആക്രമണത്തിൽ മൂന്നു കുട്ടികളടക്കം ആറുപേർക്ക് പരിക്കേറ്റു. ചെറാഞ്ചേരി വാസു (80), അമ്പാളി ബാബു (58), പുള്ളിശ്ശേരി ഹരിദാസൻ (56), മുടക്കയിൽ അനീഷിന്റെ മക്കളായ അയാമി (2), ആദിനാഥ് (12), കൊറ്റമ്പലത്തിൽ സുനിയുടെ മകൻ രാഹുൽ (10) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ എല്ലാവരെയും ഫറോക്ക് താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫറൽ ചെയ്തു. മെഡിക്കൽ കോളജിൽനിന്ന് എല്ലാവർക്കും വാക്സിനേഷൻ നടത്തി വിട്ടയച്ചു. കടലുണ്ടി ഭാഗത്തുനിന്ന് ബാബുവിനെ കടിച്ച നായ് കനറാ ബാങ്ക് പരിസരത്തുവെച്ച് വാസുവിനെയും ഹരിദാസനെയും കടിച്ചു.
ഇതിനു ശേഷം കൃഷ്ണ യു.പി സ്കൂൾ റോഡിലൂടെ പോയ നായ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു. രണ്ടു വയസ്സുകാരി അയാമിയെ കടിയിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ആദിനാഥിനെയും അവന്റെ കൂട്ടുകാരൻ രാഹുലിനെയും ആക്രമിക്കുകയായിരുന്നു. ഇടച്ചിറ ഭാഗത്ത് തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. നായ്ക്കൾ പെറ്റുപെരുകിയിട്ടുണ്ട്. രാത്രിയായാൽ ഈ പ്രദേശങ്ങളിലെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത നിലയാണ്. വീടിനു പുറത്തുവെക്കുന്ന വിവിധ സാധന സാമഗ്രികൾ നായ്ക്കൾ നശിപ്പിക്കുകയാണ്.
ശനിയാഴ്ച സന്ധ്യക്ക് ആറുപേരെയും കടിച്ചത് ഒരു ചുവന്ന നായാണെന്നാണ് നാട്ടുകാർ പറയുന്നത്. പൊറാഞ്ചേരി ഭാഗത്തുനിന്നാണ് നായ് വന്നതെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.