തെരുവുവിളക്ക് പരിപാലനം നടത്തിയില്ല; സർക്കാർ കമ്പനിക്കെതിരെ കൊടുവള്ളി നഗരസഭ
text_fieldsകൊടുവള്ളി: തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും കരാറിൽ ഏർപ്പെട്ട സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.ഐ.ഇ) എന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചു. 15 ന് ചേർന്ന നഗരസഭ കൗൺസിലിലാണ് ഐകകണ്ഠ്യേന തീരുമാനമെടുത്തത്.
2023 മാർച്ച് 31 വരെ കാലാവധി നിശ്ചയിച്ചാണ് നഗരസഭ കെ.എസ്.ഐ.ഇയുമായി കരാറിലേർപ്പെട്ടത്. എന്നാൽ, ആവശ്യമായ പരിപാലനം കെ.എസ്.ഐ.ഇ നടത്താത്തതിനാൽ നിരവധി തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായി.ഇവ അറ്റകുറ്റപ്പണി ചെയ്യുന്നതിന് മൂന്നുമാസത്തിനുള്ളിൽ മൂന്നുതവണ കെ.എസ്.ഐ.ഇക്ക് നഗരസഭ കത്ത് നൽകിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല.
അതുകൊണ്ട് കെ.എസ്.ഐ.ഇ കരാർ റദ്ദ് ചെയ്യാനും സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാറിനോട് ശിപാർശ ചെയ്യാനും നഗരസഭ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു.
നാലുവർഷത്തെ കാലാവധിയിൽ 1.42 കോടി രൂപ അടങ്കൽ തുകയിൽ അയ്യായിരത്തോളം തെരുവ് വിളക്കുകളാണ് 36 ഡിവിഷനുകളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഒരുകോടി രൂപ മാത്രമേ നഗരസഭ സ്ഥാപനത്തിന് കൈമാറിയിട്ടുള്ളൂ.
കെ.എസ്.ഐ.ഇ കരാർ ലംഘനം നടത്തിയ സാഹചര്യത്തിൽ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് പുതിയ പദ്ധതി തയാറാക്കി ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ എത്രയുംവേഗം പൂർത്തീകരിച്ച് നഗരസഭയിലെ മുഴുവൻ തെരുവുവിളക്കുകളും പ്രവർത്തനക്ഷമമാക്കുന്നതാണെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.