സർട്ടിഫിക്കറ്റിന്റെ അംഗീകാരത്തെ ചൊല്ലി മാവൂർ റോഡിലെ കോളജിൽ സമരം; സംഘർഷം
text_fieldsകോഴിക്കോട്: സർട്ടിഫിക്കറ്റിന്റെ അംഗീകാരത്തെ ചൊല്ലി മാവൂർ റോഡിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥികളും മാനേജ്മെന്റും തമ്മിൽ സംഘർഷം. അരയിടത്ത് പാലത്തെ ഹാകോ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലാണ് വിദ്യാർഥി സമരവും സംഘർഷവും അരങ്ങേറിയത്.
ഇവിടെ നടത്തുന്ന പാര മെഡിക്കൽ കോഴ്സുകൾക്ക് കേരളത്തിൽ അംഗീകാരമില്ലെന്നും കർണാടകയിലെ ഒരു യൂനിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റാണ് ഇവിടെ നൽകുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. മാനേജർ ഹാരിസുമായി വിദ്യാർഥികൾ ഇന്നലെ കൈയാങ്കളി വരെയുണ്ടായി.
നടക്കാവ് പൊലീസിൽ വിദ്യാർഥികൾ കോളജിനെതിരെയും മാനേജർ പെൺകുട്ടികളെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയും വ്യത്യസ്ത പരാതികൾ നൽകി. സർട്ടിഫിക്കറ്റിന്റെ അംഗീകാരത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ വെള്ളിയാഴ്ച മാനേജറും രക്ഷിതാക്കളും വിദ്യാർഥികളും കർണാടകയിലേക്ക് പോകാൻ നടക്കാവ് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി.
ബുധനാഴ്ച മുതലാണ് കോളജിൽ വിദ്യാർഥികൾ സമരം തുടങ്ങിയത്. വൈറ്റ്കോട്ടിന് അമിത ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം സമരത്തിലേക്ക് നീങ്ങുകയായിരുന്നു. കോളജിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും വേണ്ടത്ര അധ്യാപകരില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
ജി.എൻ.എം, ഒപ്റ്റോമെട്രി, ഫാർമസി കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. 120ലധികം വിദ്യാർഥികളുണ്ട്. സ്ഥാപനത്തിന് പൂനൂരിലും ബ്രാഞ്ച് ഉണ്ട്. രണ്ടര ലക്ഷം രൂപ വരെയാണ് കോഴ്സ് ഫീസ്. സ്ഥാപനത്തോട് അംഗീകൃത രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ പിന്നീട് സ്വീകരിക്കുമെന്നും നടക്കാവ് പൊലീസ് അറിയിച്ചു.
കോഴിക്കോട്ടെ പ്രമുഖ ആശുപത്രികളിൽ പരിശീലനം നൽകാമെന്ന വാഗ്ദാനത്തിലാണ് കോഴ്സിന് ചേർന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴ്സിന് അംഗീകാരമില്ലെന്ന് മനസ്സിലായതെന്ന് വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.