പി.ജി ഡോക്ടർമാരുടെ സമരം: അത്യാഹിത വിഭാഗങ്ങളും ബഹിഷ്കരിച്ചു, ചികിത്സ കിട്ടാതെ രോഗികൾ
text_fieldsകോഴിക്കോട്: പി.ജി ഡോക്ടർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമായതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ രോഗികൾ വലയുന്നു. അത്യാഹിത വിഭാഗം, ഐ.സി.യു, ഒ.പി, വാർഡ്, ഓപറേഷൻ തിയറ്റർ എന്നിവ ഡോക്ടർമാർ ബഹിഷ്കരിച്ചതിനാൽ പല രോഗികൾക്കും ചികിത്സക്കായി മണിക്കൂറുകളാണ് കാത്തു നിൽക്കേണ്ടി വന്നത്. മുൻ ദിവസങ്ങളിൽ ഒ.പികൾ, ഓപറേഷൻ തിയറ്റർ, വാർഡ് എന്നിവ മാത്രമാണ് ബഹിഷ്കരിച്ചിരുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർ സ്പെഷാലിറ്റിയിലെ അക്കാദമിക് സീനിയർ റസിഡൻറ് ഡോക്ടർമാരും ജോലി ബഹിഷ്കരിച്ചതോടെ ചികിത്സ കിട്ടാതെ നിരവധി രോഗികൾ മടങ്ങി. സമരക്കാരുടെ ആവശ്യം അംഗീകരിച്ച് മെഡിക്കൽ കോളജുകളിൽ നോൺ അക്കാദമിക് ജൂനിയർ റസിഡൻറുമാരെ നിയമിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഉത്തരവിൽ വ്യക്തത ഇല്ലാത്തതിനാൽ സമരം മുന്നോട്ട് കൊണ്ടുപോവാനാണ് പി.ജി അസോസിയേഷെൻറ തീരുമാനം.
ഡോക്ടർമാരുടെ ഒഴിവിലേക്ക് 50 ശതമാനത്തിലും കുറവ് തസ്തികകളാണ് ഓരോ കോളജിലും അനുവദിച്ചിരിക്കുന്നത്. 200 പേരുടെ ഒഴിവിലേക്ക് 70 പേരെ മാത്രമാണ് ഇപ്പോഴത്തെ ഉത്തരവ് പ്രകാരം നിയമിക്കുന്നത്. മാത്രമല്ല, ഇവരുടെ നിയമന അഭിമുഖം 13ന് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ജോലി വ്യവസ്ഥയെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ല. പി.ജി ഡോക്ടർമാരുടെ നാല് ശതമാനം ശമ്പള വർധന അംഗീകരിച്ചിട്ടുമില്ല. അതിനാൽ, ഉത്തരവ് അംഗീകരിക്കാൻ സാധിക്കില്ലെന്നും സമരം തുടരുമെന്നും മെഡിക്കൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്റർ സെക്രട്ടറി കെ.വി. അമൃത അറിയിച്ചു.
ആരോഗ്യമന്ത്രി സമരക്കാരുമായി തുറന്ന ചർച്ചക്ക് ഇതുവരെ തയാറായിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം, സമരത്തിലുള്ള പി.ജി ഡോക്ടർമാരോട് ഹോസ്റ്റൽ ഒഴിയണമെന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പലിെൻറ ഉത്തരവ് പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉത്തരവ് പിൻവലിച്ചത്. വ്യാഴാഴ്ചയാണ് ആരോഗ്യ മന്ത്രിയുടെ ഒാഫിസിൽനിന്ന് ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ഡി.എം.ഇ വഴി പ്രിൻസിപ്പലിന് ലഭിച്ചത്. തുടർന്ന് ഏഴരയോടെ പെൺകുട്ടികളടക്കമുള്ളവർ ഹോസ്റ്റലുകളിൽനിന്ന് പായയും തലയണയുമായി പുറത്തിറങ്ങി പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
സ്ഥിതി ഗുരുതരം
സമരത്തിെൻറ പശ്ചാത്തലത്തിൽ അത്യാഹിത വിഭാഗത്തിൽ പൊതുവെ തിരക്ക് കുറവായിരുന്നു. മുതിർന്ന ഡോക്ടർമാരാണ് ചികിത്സ ഏകോപിപ്പിച്ചത്. എത്തിയ രോഗികളെപോലും യഥാസമയം പരിശോധിക്കാൻ ഒ.പികളിൽ ഡോക്ടർമാരില്ലായിരുന്നു. വാർഡുകളെയാണ് സമരം കാര്യമായി ബാധിച്ചത്. പി.ജി ഡോക്ടർമാർ വിട്ട് നിന്നതോടെ ഹൗസ് സർജൻമാരുടെ ജോലിഭാരം ഇരട്ടിയായി.
കൃത്യസമയത്ത് ചികിത്സയോ ശ്രദ്ധയോ ലഭിക്കാതെ രോഗികളും ബുദ്ധിമുട്ടുകയാണ്. കോവിഡ് ചികിത്സയെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീയതി ഉറപ്പിച്ച പല ശസ്ത്രക്രിയകളും മുടങ്ങുന്നുണ്ട്. അടിയന്തരമായി ചെയ്യേണ്ടവ മാത്രമാണ് നടന്നത്. ഇതോടെ ശസ്ത്രക്രിയകൾ പകുതിയായി കുറഞ്ഞു. ഒ.പികളിൽനിന്ന് നേരിട്ട് വാർഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാതെയായി. വാർഡുകളിൽനിന്ന് ഗുരുതര രോഗമില്ലാത്തവരെ ഡോക്ടർമാർ തന്നെ ഡിസ്ചാർജ് കൊടുത്ത് പറഞ്ഞയക്കുകയാണ്. ജില്ലക്ക് പുറത്തുനിന്നെത്തിയ രോഗികളാണ് ഏറെയും ബുദ്ധിമുട്ടിയത്.
ജോലിഭാരം താങ്ങാവുന്നതിലും അധികമായാൽ സമരത്തിനിറങ്ങുമെന്നാണ് ഹൗസ് സർജന്മാരുടെ നിലപാട്. സീനിയർ റസിഡൻറ് ഡോക്ടർമാരും സമാന തീരുമാനത്തിലാണ്. ഹൗസ് സർജൻമാരും സീനിയർ റസിഡൻറ് ഡോക്ടർമാരും കൂടി സമരത്തിലേക്ക് പോയാൽ മുതിർന്ന ഡോക്ടർമാർ മാത്രമേ പിന്നീട് ജോലിക്കുണ്ടാവൂ. അത് ആശുപത്രിയിലെ മുഴുവൻ ചികിത്സാ സംവിധാനങ്ങളും അവതാളത്തിലാക്കും. സമരം ശനിയാഴ്ച പത്താം ദിവസത്തിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.