സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി; ജില്ല പഞ്ചായത്ത് പദ്ധതികൾ വൈകുന്നു
text_fieldsകോഴിക്കോട്: സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ജില്ല പഞ്ചായത്തിനെയും ബാധിക്കുന്നു. ബില്ലുകൾ കൃത്യസമയത്ത് പാസാകാത്തതിനാൽ പല പ്രവൃത്തികളും മുടങ്ങിപ്പോകുന്നതായാണ് പരാതി.
പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിയിൽ ഒന്നാംഗഡു മാറിക്കിട്ടാത്തതിനാൽ പ്രവൃത്തി തുടങ്ങാൻ വൈകുന്നതായി പരാതി ഉയർന്നു. ഇതിനായി 35 പേർ അപേക്ഷ നൽകുകയും ഇവർക്ക് മാസങ്ങൾക്കുമുമ്പ് ഒന്നാംഗഡുവായ 30,000 രൂപ അനുവദിക്കുകയും ചെയ്തെങ്കിലും ട്രഷറിയിൽ പണമില്ലാത്തതിനാൽ പണം കൈപ്പറ്റാനോ പണി തുടങ്ങാനോ സാധിച്ചിട്ടില്ല. മാർച്ച് 31ന് മുമ്പുതന്നെ രണ്ടാംഗഡു അനുവദിക്കേണ്ടതുണ്ട്. എന്നാൽ, ഒന്നാംഗഡു പണം ലഭിക്കാത്തതിനാൽ പണി ആരംഭിക്കാൻ പോലും കഴിയാത്തവർക്ക് എങ്ങനെ രണ്ടാംഗഡു അനുവദിക്കും എന്നതാണ് പ്രശ്നം. സ്വന്തം കൈയിൽ നിന്നും പണമെടുത്ത് പണി തുടങ്ങിയ ഏഴുപേർക്ക് മാത്രമാണ് രണ്ടാം ഗഡു അനുവദിക്കാൻ കഴിയുകയെന്ന് നിർവഹണ ഉദ്യോഗസ്ഥൻ യോഗത്തിൽ അറിയിച്ചു.
കല്ലാച്ചി ആവേലം റോഡ് നവീകരണത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 20 ലക്ഷം രൂപയുടെ പണി ഇതുവരെ പൂർത്തിയായിട്ടില്ലെന്നും പ്രവൃത്തി ഏറ്റെടുത്ത കടത്തനാട് ലേബർ സൊസൈറ്റിയോട് പെട്ടെന്ന് പ്രവൃത്തി പൂർത്തീകരിക്കൻ ആവശ്യപ്പെടണമെന്നും അതല്ലെങ്കിൽ സൊസൈറ്റിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.വി.എം. നജ്മ യോഗത്തിൽ ആവശ്യപ്പെട്ടു.
ഇതിനുമുമ്പ് ചെയ്ത പ്രവൃത്തികളുടെ പോലും പണം ലഭിക്കാത്തതിനാലാണ് പണി തുടങ്ങാൻ കഴിയാത്തതെന്നാണ് കരാറുകാരോട് ചോദിക്കുമ്പോൾ അവർ നൽകുന്ന ഉത്തരം. നൂറാംതോട് വട്ടച്ചിറ കുടിവെള്ള പദ്ധതിക്ക് വനം വകുപ്പിന്റെ എൻ.ഒ.സി ലഭിക്കാത്തതിനാൽ ഒരുവർഷത്തിലേറെയായി പ്രവൃത്തി തുടങ്ങാനായിട്ടില്ല. സാങ്കേതിക പ്രശ്നങ്ങളും ജൽജീവൻ പ്രവൃത്തിയുമായി ബന്ധപ്പെട്ടും 10 പ്രവൃത്തികൾ വൈകുന്നതായി സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ പറഞ്ഞു
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പുതിയ ടെൻഡറുകൾ നിർത്തിവെച്ചു. ടെൻഡർ വിളിക്കാൻ കഴിയുമെങ്കിലും കരാറുകാരനുമായി ഉടമ്പടി ഒപ്പുവെക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണിത്. ഇക്കാര്യത്തിൽ നിയമാനുസൃതമായി എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിച്ച് തീരുമാനമെടുക്കാമെന്ന് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, രാജീവ് പെരുമൺപുറ, പി.ടി.എം ഷറഫുന്നീസ ടീച്ചർ, നാസർ എസ്റ്റേറ്റ് മുക്ക്, സെക്രട്ടറി ബിനു സി. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.
ചെലവഴിച്ചത് 48.48 ശതമാനം
ഈ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ജില്ല പഞ്ചായത്ത് ഫണ്ടിൽ ആകെ ചെലവഴിച്ചത് 48.48 ശതമാനം. പട്ടികജാതിക്കാർക്കുള്ള ഫണ്ടിൽ 55 ശതമാനവും പട്ടികവർഗ ഫണ്ടിൽ 58 ശതമാനവും ചെലവഴിച്ചു. അടിസ്ഥാന ഗ്രാന്റ് ഇനത്തിൽ 33 ശതമാനവും മാലിന്യ സംസ്കരണം, കുളങ്ങൾ-കിണറുകൾ വൃത്തിയാക്കൽ എന്നീ പ്രവൃത്തികൾക്കുള്ള ഫണ്ട് 20 ശതമാനവും ചെലവഴിച്ചു. റോഡിനുള്ള മെയിന്റനൻസ് ഗ്രാന്റിൽ 20 ശതമാനവും റോഡിതര വിഭാഗത്തിൽ 67.38 ശതമാനവും ചെലവഴിച്ചിട്ടുണ്ട്.
ട്രഷറിയിലുള്ള ബില്ലുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. കോഴിക്കോട് ജില്ല പഞ്ചായത്തിന് സർക്കാർ അനുവദിക്കേണ്ട ആകെ 11 ഗഡുക്കളിൽ സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മൂന്ന് ഗഡുക്കൾ കൂടി ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.