വിദ്യാർഥികൾ ഏറ്റുമുട്ടി; നിരവധി ബൈക്കുകൾ കസ്റ്റഡിയിൽ
text_fieldsനാദാപുരം: ഫുട്ബാൾ കളിക്കാരെ ചൊല്ലിയുള്ള വാക്കേറ്റം വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. ചൊക്ലി പൊലീസ് സ്ഥലത്തെത്തി ഇരുപത്തഞ്ചോളം ബൈക്കുകളും പതിനഞ്ചോളം വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തു.
രണ്ടുദിവസം മുമ്പ് പെരിങ്ങത്തൂർ പാലത്തിനടുത്ത ടർഫിൽ ഫുട്ബാൾ കളിക്കിടെ ഫ്രാൻസ്, അർജന്റീന ടീമിലെ കളിക്കാരെച്ചൊല്ലി ഇരു സ്കൂളിലെയും വിദ്യാർഥികൾ അടിപിടികൂടിയിരുന്നു. ഇതിന് പ്രതികാരം ചോദിക്കാനാണ് സംഘടിതമായി ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ നാദാപുരം പോരാട് എം.ഐ.എമ്മിലെ വിദ്യാർഥികൾ ഇവിടെയെത്തിയത്.
എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികൾ പെരിങ്ങത്തൂരിലെത്തി, പരീക്ഷ കഴിഞ്ഞുപോവുകയായിരുന്ന പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു.
അർജന്റീനൻ പതാകയുമായി ഇരുപത്തഞ്ചോളം ബൈക്കിലാണ് പേരോട് ഹൈസ്കൂൾ വിദ്യാർഥികൾ എത്തിയത്. പ്രദേശവാസികൾ ഇവരെ തുരത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബൈക്കുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവ സ്ഥലത്തുനിന്നും കടവത്തൂർ വഴി കടന്നുകളയാൻ ശ്രമിച്ച കുറെ ബൈക്കുകൾ നാട്ടുകാർ നൽകിയ വിവരമനുസരിച്ച് കൊളവല്ലൂർ പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർഥികളെല്ലാം സ്കൂൾ യൂനിഫോമിലായിരുന്നു. കസ്റ്റഡിയിലുള്ള വാഹനത്തിന്റെ ഉടമകൾക്ക് പിഴ ഈടാക്കി വിട്ടു നൽകാനും ലൈസൻസില്ലാതെ വാഹനമോടിച്ച വാഹന ഉടമകൾക്കെതിരെ കേസെടുക്കാനുമാണ് ചൊക്ലി പൊലീസിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.