ബൂത്തുകളിൽ സഹായമായി കുട്ടിപ്പൊലീസും എൻ.സി.സിയും
text_fieldsകോഴിക്കോട്: വോട്ട് ചെയ്യാനെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കി സ്പെഷൽ പൊലീസ് കാഡറ്റും (എസ്.പി.സി), എൻ.സി.സി, എൻ.എസ്.എസ് വളൻറിയർമാരും. ഒന്നിലധികം ബൂത്തുകളുള്ള സ്കൂളുകളിലും മറ്റുമാണ് കുട്ടിപ്പൊലീസും എൻ.സി.സിയും സേവനത്തിനെത്തിയത്. വോട്ടർമാരുടെ സ്ലിപ് പരിശോധിച്ച് ഏത് ബൂത്തിലാണ് വോട്ട് ചെയ്യേണ്ടതെന്ന് ഇവർ കാണിച്ചുകൊടുത്തു.
16 വയസ്സിന് മുകളിലുള്ള കുട്ടികളെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിച്ചത്. പൊലീസിനാണ് ഇവരുടെ നിയന്ത്രണം. വ്യാഴാഴ്ച പ്ലസ്ടു പരീക്ഷയായതിനാൽ ഹയർ െസക്കൻഡറി വിദ്യാർഥികൾ ഡ്യൂട്ടിക്കില്ല. വിവിധ കോളജുകളിലെ വിദ്യാർഥികളും വിദ്യാർഥിനികളുമാണ് നിയമിക്കപ്പെട്ടത്. പൂർവ വിദ്യാർഥികളുടെ സേവനവും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ. അജീഷ് പറഞ്ഞു.
അേതസമയം, ഒന്നിൽ കൂടുതൽ ബൂത്തുള്ള എല്ലായിടത്തും എസ്.പി.സി, എൻ.സി.സി വളൻറിയർമാരെ വിന്യസിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് മുതൽ ചൊവ്വാഴ്ച രാത്രി വരെയായിരുന്നു കുട്ടി വളൻറിയർമാരുടെ ജോലിസമയം. ഇവർക്ക് പ്രതിഫലമായി നിശ്ചിത തുകയും കിട്ടി.
അകലമില്ല; അടുത്ത്
ജില്ലയിൽ പ്രചാരണ പ്രവർത്തനങ്ങളിൽ കണ്ട കോവിഡ് ചട്ടലംഘനം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് ദിനം പല ബൂത്തുകളിലും കണ്ടത്. മാസ്ക്കും സാനിറ്റൈസറുമൊക്കെയുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാൻ വോട്ടർമാരടക്കം തയാറായില്ലെന്ന പരിഭവമാണ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പറയാനുള്ളത്.
വരിനിൽക്കേണ്ട സ്ഥലം അടയാളപ്പെടുത്തിയിരുന്നെങ്കിലും അടുത്ത് നിൽക്കാനായിരുന്നു വോട്ടർമാർക്ക് ഇഷ്ടം. പല ബൂത്തുകളിലും പ്രിസൈഡിങ് ഓഫിസർമാർ ഇടക്കിടെ പുറത്തുവന്ന് വോട്ടർമാർക്ക് നിർദേശം നൽകുന്നുണ്ടായിരുന്നു.
നിശ്ചിത അകലം പാലിച്ച് വരിനിന്നവരുടെ ഇടയിലും ചിലർ കയറി. സാനിറ്റൈസർ പുരട്ടാനും താപനില പരിശോധിക്കാനും പ്രേത്യകം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ, മുഴുവൻ ബൂത്തുകളിലും താപനില പരിശോധന കൃത്യമായി നടന്നില്ല. ചിലയിടങ്ങളിൽ തെർമൽ സ്കാനർ പണിമുടക്കി. ഓരോ ബൂത്തിലും വോട്ടർമാരുടെ എണ്ണം മുമ്പുള്ളതിനേക്കാൾ കുറവായിരുന്നു. ആയിരത്തിലധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിച്ചിരുന്നു. പല സ്കൂളുകളിലും താൽക്കാലിക ബൂത്തുകളും ഒരുക്കി.
ഓപൺ വോട്ട് കുറഞ്ഞു
'ഹാജരാകാനാവാത്ത വോട്ടർമാർ' എന്ന വിഭാഗത്തിൽ പലരും നേരത്തേ വോട്ട് ചെയ്തതിനാൽ ഓപൺ വോട്ട് എന്ന പേരിലുള്ള കംപാനിയൻ വോട്ട് ഇത്തവണ കുറവായിരുന്നു. വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാർക്കും 80 വയസ്സിന് മുകളിലുള്ളവർക്കും ക്വാറൻറീനിലുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയിരുന്നു. 80 വയസ്സിന് മുകളിലുള്ളവരിൽ 26479 പേർ വീട്ടിൽ തന്നെ വോട്ട് സൗകര്യം ഉപയോഗപ്പെടുത്തി. ഈ വിഭാഗത്തിലെ വോട്ടർമാരിൽ ഭൂരിഭാഗം പേരും അപേക്ഷിച്ചിരുന്നില്ല. ഇവരിൽ പലരും ബൂത്തിലെത്തി വോട്ട് ചെയ്തു.
7229 ഭിന്നശേഷിക്കാർ വീടുകളിൽ വോട്ട് ചെയ്തു. ക്വാറൻറീനിൽ കഴിഞ്ഞ 26 പേരാണ് നേരത്തേ വീട്ടിലിരുന്ന് വോട്ട് ചെയ്തത്. ഓപൺ വോട്ടുകളുടെ എണ്ണം കുറഞ്ഞത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ജോലി എളുപ്പമാക്കി. പോളിങ്ങിന് വേഗവും കൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാഴ്ച പരിമിതർക്ക് സ്വന്തമായി വോട്ട് ചെയ്യാനുള്ള െബ്രയ്ലി ബാലറ്റ് പേപ്പറുകൾ എല്ലായിടത്തും കിട്ടിയില്ലെന്ന പരാതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.