മലബാറിൽ കല്ലുമ്മക്കായ ഉൽപാദനത്തിൽ വൻ വർധനയെന്ന് പഠനം
text_fieldsകോഴിക്കോട്: കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായ(കടുക്ക)യുടെ ഉൽപാദനത്തിൽ ഒന്നരമടങ്ങിലധികം വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). മേഖലയിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനത്തിന്റെ വർധനവാണുണ്ടായത്. കാസർകോട് ജില്ലയിലെ പടന്നയിലാണ് ഏറ്റവും കൂടുതൽ ഉൽപാദനം. കടലിൽനിന്നുള്ള ലഭ്യതയിലെ വർധനവ് 15 ശതമാനമാണ്.
എന്നാൽ, വിലയിടിവ് സംഭവിച്ചതോടെ ഉൽപാദന വർധനവിനനുസരിച്ച വരുമാനനേട്ടം കല്ലുമ്മക്കായ കർഷകർക്കും തൊഴിലാളികൾക്കും ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഈ പ്രതിസന്ധി പരിഹരിക്കാൻ, ഉൽപാദനം കൂടുന്നതിനനുസരിച്ച് കല്ലുമ്മക്കായയുടെ മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കാൻ ശ്രമം വേണമെന്ന് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ നിർദേശിച്ചു.
മേഖലയിൽനിന്നുള്ള കടൽമത്സ്യ ലഭ്യതയിലും കഴിഞ്ഞ വർഷം വർധനവുണ്ടായി. 1.99 ലക്ഷം ടൺ മത്സ്യമാണ് മലബാറിലെ തീരങ്ങളിൽനിന്ന് കഴിഞ്ഞ വർഷം പിടിച്ചത്. 38 ശതമാനമാണ് വർധനവ്. കേരളത്തിന്റെ സമുദ്ര മത്സ്യോൽപാദനത്തിൽ 29 ശതമാനം പിടിച്ചത് മലബാർ ജില്ലകളിൽ നിന്നാണ്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എഫ്.ആർ.ഐയുടെ കോഴിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ചേർന്ന മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും അനുബന്ധമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും ശില്പശാലയിലാണ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ടി.എം. നജ്മുദ്ദീൻ കണക്കുകൾ അവതരിപ്പിച്ചത്.
ഡോ. കെ. വിനോദ്, ഡോ. കെ.വി. അഖിലേഷ്, ഡോ. വി. മഹേഷ്, മത്സ്യവകുപ്പ് അഡീഷനൽ ഡയറക്ടർ കെ.എ. ലബീബ്, എൻ.പി. രാധാകൃഷ്ണൻ, ഉമേഷ് പുതിയാപ്പ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.