പട്ടയത്തിന് ആയുസ്സുമുഴുവൻ കാത്തിരിക്കേണ്ട ഗതികേട്: കെട്ടിക്കിടക്കുന്നത് ആയിരത്തിലധികം അപേക്ഷകൾ
text_fieldsകോഴിക്കോട്: തീർപ്പാകാതെ നൂറു കണക്കിന് പട്ടയ അപേക്ഷകൾ ചുവപ്പുനാടയിൽ. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മ മൂലമാണ് കലക്ടറേറ്റിൽ ആയിരത്തിലധികം പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. ഡെപ്യൂട്ടി കലക്ടർ (ഭൂപരിഷ്ക്കരണം) വിഭാഗത്തിലാണ് വർഷങ്ങളോളമായി അപേക്ഷകൾ തീർപ്പാകാതെ നിൽക്കുന്നത്. 2008 മുതലുള്ള അപേക്ഷകൾ ഈ കൂട്ടത്തിലുണ്ട്.
പട്ടയ അദാലത്തുകൾ പേരിനു നടന്നിട്ടുണ്ടെങ്കിലും ഈ അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയാണ്. കെട്ടിക്കിടക്കുന്ന ഫയലുകൾ അദാലത്ത് നടപ്പാക്കാൻ സർക്കാർ നിർദേശം ഉണ്ടായിട്ടും ഈ ഫയലുകൾ വിചാരണ നടത്തി മാറ്റിവെക്കുകയാണെന്നാണ് ആക്ഷേപം. പട്ടയം അനുവദിക്കാൻ കഴിയില്ലെങ്കിൽ നിരസിച്ച് ഉത്തരവു നൽകണം. ഇതുവെച്ച് അപ്പീൽ നൽകാനുള്ള അവസരം നഷ്ടപ്പെടുത്തി വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ് ഉദ്യോഗസ്ഥർ എന്നാണ് ആക്ഷേപം.
അപേക്ഷകന്റെ ഭൂമി മിച്ചഭൂമിയിൽപെട്ടതോ വനഭൂമിയിൽപെട്ടതോ പുറംപോക്കിൽ പെട്ടതോ കോടതിയിൽ കേസ് നടക്കുന്നതോ ആയ ഭൂമിയാണെങ്കിൽ മാത്രമേ പട്ടയ അപേക്ഷ നിരസിക്കാവൂ. ഈ കാരണങ്ങളില്ലാത്ത ഭൂമികളിൻമേലുള്ള അപേക്ഷ നിരസിക്കാൻ കഴിയില്ലെന്നാണ് അപേക്ഷകർ വാദിക്കുന്നത്. പട്ടയം നൽകാൻ പറ്റില്ലെങ്കിൽ ആ കാര്യം കാരണസഹിതം കക്ഷികളെ അറിയിച്ച് തീർപ്പാക്കണമെന്നാണ് ഉത്തരവ്.
പട്ടയത്തിനുള്ള അപേക്ഷ വില്ലേജ് ഓഫിസർക്കാണ് നൽകുന്നത്. വില്ലേജ് ഓഫിസർ പട്ടയം അനുവദിക്കുന്നതിന് ആവശ്യമായ രേഖകൾ പരിശോധിച്ച് കോപ്പികൾ സഹിതം ഡെപ്യൂട്ടി കലക്ടർക്ക് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനുശേഷം കക്ഷികൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ വേണ്ടിയാണ് വിചാരണ വെക്കുന്നത്. ഇതാണ് വർഷങ്ങളോളം നീളുന്ന നടപടികളിലേക്ക് നയിക്കുന്നത്. കലക്ടറേറ്റിൽ വരുന്ന അപേക്ഷകൾക്ക് പട്ടയം നൽകുന്നതിന് ഒരു ഡെപ്യൂട്ടി തഹസിൽദാർ, ക്ലർക്ക് എന്നിവരുമുണ്ട്.
ഈ ഓഫിസിലെ അപേക്ഷകൾ അദാലത്തിൽ ഉൾപ്പെടുത്തിയിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ, കലക്ടറേറ്റിൽ പട്ടയത്തിന് അപേക്ഷിച്ചാൽ തീരുമാനമായി കിട്ടാൻ ആയുസ്സു കാത്തിരിക്കേണ്ട അവസ്ഥയാണ്. വിചാരണ പല ആവർത്തി മാറ്റിവെക്കുന്നതിനാൽ മനംമടുത്ത് ജനങ്ങൾ വിചാരണക്കുപോലും എത്താതാവുകയാണ്.
ദേവസ്വം ജന്മിവക ഭൂമിക്ക് പട്ടയം കൊടുക്കരുതെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചത് സാങ്കേതിക കുരുക്കിനൊരു കാരണമത്രെ.
എന്നാൽ, വളരെ കാലമായി വ്യക്തികളുടെ കൈവശമുള്ള ഭൂമി ഇതിൽ ഉൾപ്പെടുകയില്ല. ദേവസ്വത്തിന്റെ ഭൂമിയാണെങ്കിലും വളരെ വർഷം മുമ്പ് ആധാരമുള്ള ഭൂമിയാണ് വ്യക്തികളുടെ കൈവശം ഉള്ളത്. ദേവസ്വത്തിന്റെ കൈവശം ഇപ്പോഴുമുള്ള ഭൂമിക്കാണ് ദേവസ്വം ബോർഡ് പട്ടയം നൽകരുതെന്ന് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.